രണ്ടാഴ്‌ച ജുഡിഷ്യൽ റിമാൻഡിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിയമ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ (73) ഇന്നലെ രാവിലെ ആശ്രമത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഷാജഹാൻപൂർ ജയിലേക്ക് മാറ്റിയ ചിന്മയാനന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈകിട്ട് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് ചിന്മയാനന്ദിനെതിരെ മാനഭംഗക്കുറ്റം ചുമത്തിയിട്ടില്ല. ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ചിന്മയാനന്ദ് തന്നെ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. തെളിവായി 43 വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പെൺകുട്ടി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
ചിന്മയാനന്ദ് അദ്ധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. കഴിഞ്ഞമാസം സാമൂഹികമാദ്ധ്യമങ്ങളിലൂടെ ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് കാണാതായ പെൺകുട്ടിയെ ഒരാഴ്ചയ്ക്ക് ശേഷം രാജസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്. കേസ് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടപ്പോൾ, പെൺകുട്ടിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലെത്തിച്ച പെൺകുട്ടിയോട് സുപ്രീംകോടതി ജഡ്‌ജിമാർ സംസാരിച്ചു. അതിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
അന്വേഷണസംഘമാകട്ടെ, പെൺകുട്ടിയെ 15 മണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും ചിന്മയാനന്ദിനെ വിളിച്ചുവരുത്തിയില്ല. ഇത് വിവാദമായതിനെ തുടർന്നാണ് ചിന്മയാനന്ദിനെ ചോദ്യം ചെയ്യുന്നതും ഇന്നലെ അറസ്റ്റ് ചെയ്യുന്നതും.
കുറ്റം സമ്മതിച്ചെന്ന്
ആരോപണങ്ങളെല്ലാം ചിന്മയാനന്ദ് സമ്മതിച്ചതായി അന്വേഷണ സംഘം തലവൻ നവീൻ അറോറ വെളിപ്പെടുത്തി. പെൺകുട്ടിയോട് അശ്ലീലം പറഞ്ഞെന്നും നിർബന്ധിച്ച് ശരീരം മസാജ് ചെയ്യിപ്പിച്ചുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ചെയ്ത പ്രവൃത്തികളെയോർത്ത് ലജ്ജിക്കുന്നുവെന്നുംചിന്മയാനന്ദ് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ പരാതി
ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരമായി ഒരുവർഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. താൻ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി, അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ചിന്മയാനന്ദിന്റെ അനുയായികൾ തോക്കുമായി വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തന്നെ ചിന്മയാനന്ദ് ഉപദ്രവിച്ചു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നിർബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചു.
കണ്ണടയിൽ ചെറിയ സ്‌പൈ ക്യാമറ ഘടിപ്പിച്ച് റെക്കോഡ് ചെയ്ത ഈ ദൃശ്യങ്ങളാണ് പെൺകുട്ടി പൊലീസിന് കൈമാറിയത്.
ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
വാജപേയി സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു