ചങ്ങനാശേരി: മദ്യപിക്കാൻ പണം നൽകാഞ്ഞതിന് തല ഭിത്തിയിലിടിപ്പിച്ച് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. പായിപ്പാട് കൊച്ചുപള്ളി വാഴപ്പറമ്പിൽ കുഞ്ഞപ്പനെയാണ് (തോമസ് വർക്കി,76) ബുധനാഴ്ച വീടിനകത്ത് കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. പിന്നീട് നാട്ടുകാർ നൽകിയ പരാതിയെ തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ മകൻ ജോസഫ് തോമസ് എന്ന അനി (36) കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. അനിയെ ഇന്നലെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വീട്ടുകാർ ധൃതിപിടിച്ച് നടത്തിയ സംസ്‌കാര ചടങ്ങുകൾക്കിടെ കുഞ്ഞപ്പന്റെ തലയ്‌ക്കു പിന്നിൽ രക്തം കണ്ടതിനെ തുടർന്നാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് സംശയം തോന്നിയതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
തുടർന്ന് കുഞ്ഞപ്പന്റെ മക്കളായ അനി, സിബി എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ഓണത്തിനു കിട്ടിയ പെൻഷൻ തുകയിൽ നിന്ന് അറുന്നൂറു രൂപ ആവശ്യപ്പെട്ട് കുഞ്ഞപ്പനുമായി വഴക്കുണ്ടായതും, പണം കിട്ടാഞ്ഞതിൽ പ്രകോപിതനായി അച്ഛന്റെ തല പിടിച്ച് ബലമായി ഭിത്തിയിൽ ഇടിച്ചതും അനി വെളിപ്പെടുത്തി. ബോധരഹിതനായ കുഞ്ഞപ്പനെ കട്ടിലിൽ എടുത്തു കിടത്തിയാണ് അനി പുറത്തു പോയത്. പിറ്റേന്ന് വീട്ടിൽ ആളനക്കമില്ലാഞ്ഞ് നാട്ടുകാർ നോക്കിയപ്പോഴാണ് കുഞ്ഞപ്പനെ മരിച്ച നിലയിൽ കണ്ടത്.
കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ റാന്നിയിലുള്ള മകൾ ലിസിക്കൊപ്പമാണ് താമസം. ഇരട്ടകളായ അനിയും സിബിയും മദ്യപിച്ചെത്തി പിതാവുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും കുഞ്ഞപ്പനോട് പെൻഷൻ തുക ആവശ്യപ്പെട്ട് ഇവർ ബഹളമുണ്ടാക്കിയിരുന്നതായും നാട്ടുകാർ പൊലീസിനോടു പറഞ്ഞു.
ചങ്ങനാശേരി ഡിവൈ.എസ്.പി പി.എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അനി കുറ്റം സമ്മതിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുഞ്ഞപ്പന്റെ മൃതദേഹം സംസ്‌കരിച്ചു.