ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ജെല്ലിക്കെട്ടിന്റെ ടീസർ പുറത്തിറങ്ങി. 'അങ്കമാലി ഡയറീസ്', 'ഈമയൗ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് ജെല്ലിക്കെട്ട്. ചെമ്പൻ വിനോദും ആന്റണി വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ജെല്ലിക്കെട്ടിന്റെ ആദ്യ ടീസർ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നത്.
ഓരോ സിനിമയിലും വ്യത്യസ്തത പരീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ല. ഏറെ സാഹസികമായാണ് ഹൈറേഞ്ചിൽ സിനിമ ചിത്രീകരിച്ചത്. എസ്.ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എസ്. ഹരീഷും ആർ. ഹരികുമാറും ചേർന്ന് തിരക്കഥ ഒരുക്കുന്ന ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്.
ടൊറന്റോ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ്. വിനോദ് ജോസ്. ശാന്തി ബാലചന്ദ്രൻ, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവും ചിത്രത്തിൽ അണിനിരക്കുന്നു. ഒക്ടോബർ ആദ്യ വാരം ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തും.