കൊല്ലം: കടൽ മാർഗമുള്ള തീവ്രവാദ ഭീഷണി വർദ്ധിച്ചിരിക്കെ, കരയിലിരുന്ന് നിരീക്ഷണം നടത്തേണ്ട ഗതികേടിലാണ് കോസ്റ്റൽ പൊലീസുകാർ. മഞ്ചേശ്വരം മുതൽ പൂവാർ വരെ 583 കിലോമീറ്റർ തീരദേശത്ത് നിലവിലുള്ള 18 തീരദേശ പൊലീസ്
സ്റ്റേഷനുകളിലായി 23 ഇന്റർസെപ്ടർ ബോട്ടുകളാണ് നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉണ്ടായിരുന്നത്. അതിൽ 17 എണ്ണവും കട്ടപ്പുറത്താണ്. ശേഷിക്കുന്നവ ഉൾക്കടലിലേക്ക് പോകാനാകാത്ത നിലയിൽ കേടുപാടുകൾ സംഭവിച്ചവയും.
തീവ്രവാദ ഭീഷണി നേരിടാനും തീരസുരക്ഷ ഉറപ്പാക്കാനും 2009 ലാണ് കേന്ദ്രസർക്കാർ തീരദേശ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചത്. രാജ്യത്തെ ആദ്യ സ്റ്റേഷൻ നീണ്ടകരയിൽ ഉദ്ഘാടനം ചെയ്തത് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് ഇന്റർസെപ്ടർ ബോട്ടുകളും നൽകി. ഇതിൽ രണ്ടും കട്ടപ്പുറത്താണ്. ഒരെണ്ണം ഓടുമെങ്കിലും ഉൾക്കടലിലേക്ക് പോകാനാകില്ല.
ലക്ഷ്യമിട്ടത്
തീവ്രവാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും നുഴഞ്ഞുകയറ്റം തടയുക
ആയുധം, പെട്രോൾ, ഡീസൽ, മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത്, മനുഷ്യക്കടത്ത് തടയുക
നാവികസേന, കോസ്റ്റ് ഗാർഡ്, കസ്റ്റംസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, പൊലീസ് സംയുക്ത പട്രോളിംഗ്
തീരദേശ സ്റ്റേഷനുകൾ
നീണ്ടകര, അഞ്ചുതെങ്ങ്, പൂവാർ, വിഴിഞ്ഞം, തോട്ടപ്പള്ളി, അർത്തുങ്കൽ,
ഫോർട്ട് കൊച്ചി, പൊന്നാനി, വടകര, ബേപ്പൂർ, ഏലത്തൂർ മുളക്കേകടവ്, അഴീക്കൽ, അഴീക്കോട്, തലശേരി, തൃക്കരിപ്പൂർ, കുമ്പള, ബേക്കൽ.
സവിശേഷത
ഇരുവശത്തും ഫ്ളാപ്പുകളുള്ളതിനാൽ എത്ര വലിയ തിരമാലകളെയും കീറിമുറിച്ച് പോകാവുന്നവയാണ് വിദേശ നിർമ്മിതമായ ഇന്റർസെപ്ടർ ബോട്ടുകൾ. തിരയിൽ മറിയില്ല
അത്യാധുനിക വാർത്താവിനിമയ സംവിധാനം. ദൂരെയുള്ള ബോട്ടുകളെയും കപ്പലുകളെയും നിരീക്ഷിക്കാം
എങ്ങുമെത്താതെ അറ്റകുറ്റപ്പണി
10 വർഷത്തിലേറെ പഴക്കമുള്ള ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താൻ ആദ്യം ഗോവ ഷിപ്പ്‌യാർഡിനെ ചുമതലപ്പെടുത്തി. അവർ കൈയൊഴിഞ്ഞതോടെ കൊച്ചിൻ ഷിപ്പ്‌യാർഡുമായി കരാറുണ്ടാക്കി. എന്നിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല. പുതിയ ബോട്ടുകൾ നൽകാനും നടപടിയില്ല. ആവശ്യത്തിന് ഫണ്ടും ലഭ്യമല്ല.
'പുതിയ ബോട്ടുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള
ബോട്ടുകൾ കാലപ്പഴക്കം ചെന്നവയാണ്. കുറെയെണ്ണം ഓടുന്നുണ്ട്. അത്യാവശ്യത്തിന്
ഫിഷറീസ് വകുപ്പിന്റെ ബോട്ടുകൾ വാടകയ്ക്കെടുക്കാറുണ്ട്."
-എ. പദ്മകുമാർ,
എ.ഡി.ജി.പി, കോസ്റ്റൽ