കോട്ടയം : സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പാലായിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേദിയിലാണ് പ്രതിപക്ഷ ആക്ഷേപങ്ങൾക്ക് പിണറായി വിജയൻ മറുപടി പറഞ്ഞത്. കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ പേരിൽ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പക്ഷെ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയൻ പരിഹസിച്ചു.
അഴിമതിക്കാർ സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന നിലപാടിൽ മാറ്റമില്ല. . അഴിമതിക്കാരെ കാത്തിരിക്കുന്നത് സർക്കാർ ഭക്ഷണമാണെന്ന് പറഞ്ഞപ്പോൾ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയിൽ വച്ചു. പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ഒന്നരക്കൊല്ലം സർക്കാർ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ അഴിമതി കാണിച്ചിട്ടില്ല. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാൻ വരേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.