അലക്സ് ആയൂർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം വഴുതന സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവർക്കുള്ള അടിയാണ് ഈ ഹ്രസ്വചിത്രം. എന്നാൽ ഹ്രസ്വചിത്രത്തിന്റെ അവതരണ രീതിയെക്കുറിച്ച് വിമർശനമുയരുന്നുണ്ട്. രചന നാരായണൻകുട്ടിയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്.
12 മിനുട്ട് ദെെർഘ്യമുള്ള ചിത്രത്തിൽ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ ജയകുമാറും കഥാപാത്രമായി എത്തുന്നു. കാരുണ്യമാത ഫിലിമിന്റെ ബാനറില്‍ ജസ്റ്റിന്‍ ജോസാണ് നിർമാണം. ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. റോണി റാഫേലിന്റെതാണ് സംഗീതം. ചിത്രത്തിന്റെ ടീസർ നേരത്തെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന് ആശംസകളുമായി നടൻ വിജയ് സേതുപതി, ശ്രീനിവാസൻ, നെടുമുടി വേണു, ഹരീഷ് കണാരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ രംഗത്ത് വന്നിട്ടുണ്ട്.