കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി. വിധി നടപ്പാക്കുന്നതിന് സാവകാശം വേണമെങ്കിൽ സുപ്രീം കോടതിയെ തന്നെ സമീപിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫ്ലാറ്റ് ഒഴിയുന്നതിന് നഗരസഭ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ഫ്ലാറ്റിലെ താമസക്കാരനായ എംകെ പോൾ ആണ് നഗരസഭയുടെ നോട്ടീസിനെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമാനുസൃതമല്ലെന്നാണ് ഹർജിയിൽ പറയുന്നത്. നേരത്തെ സമാനമായ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനൊപ്പം ചൊവ്വാഴ്ച ഈ ഹർജിയും പരിഗണിക്കും.
അതിനിടെ, വിധി നടപ്പാക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ടാണ് സത്യവാങ്മൂലം സുപ്രീംകോടതി വിധിയോട് എല്ലാവിധ ബഹുമാനവും ഉണ്ട്. വിധിക്ക് ചേരാത്ത രീതിയിൽ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സംഭവിച്ചെങ്കിൽ നിർവ്യാജം മാപ്പുചോദിക്കുന്നതായി ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ പറയുന്നു.
നടപടി നടപ്പാക്കുന്നതിനുള്ള നടപടികൾ വിശദമാക്കി ഇന്നു റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് സുപ്റീം കോടതി നിർദേശം നൽകിയിരുന്നു. അല്ലാത്തപക്ഷം 23ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകേണ്ടിവരുമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പു നൽകിയിരുന്നു.
ഫ്ലാറ്റിലെ താമസക്കാർക്ക് ഒഴിഞ്ഞുപോവുന്നതിനു നോട്ടീസ് നൽകിയതായും കെട്ടിടം പൊളിക്കുന്നതിന് ടെൻഡർ വിളിച്ചതായും ചീഫ് സെക്രട്ടറി ടോം ജോസ് സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് മദ്റാസ് ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ടിനെക്കുറിച്ചും പരാമർശമുണ്ട്.