മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 42-ാമത് സംസ്ഥാന സമ്മേളനം 22,23,24 തീയതികളിൽ മൂവാറ്റുപുഴയിൽ നടക്കും. 22ന് രാവിലെ 9.30 ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം മേള ആഡിറ്റോറിയത്തിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വൻ അദ്ധ്യക്ഷനാകും. ഗോപി കോട്ടമുറിക്കൽ സ്വാഗതം പറയും. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ഗോപാലകൃഷ്ണൻ കണക്കും അവതരിപ്പിക്കും. വൈകിട്ട് 4ന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന തൊഴിലാളിറാലി മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്നു നടക്കുന്ന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ 9ന് അഴിക്കോടൻ അനുസ്മരണ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ പൊതുചർച്ച, ഉച്ചകഴിഞ്ഞ് 2ന് കമ്മറ്റി തിരഞ്ഞെടുപ്പ്. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. വിനോദ് , അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എ. നജിബുദ്ദീൻ , സ്വാഗതസംഘം ജനറൽ കൺവീനർ സജിത് ടി എസ് കുമാർ, ആർ. ഹരിദാസ് എന്നിവർ പങ്കെടുത്തു.