അവസാനം കളിച്ചത് കേരള ബ്ലാസ്റ്രേഴ്സിന് വേണ്ടി
സോഫിയ: ബൾഗേറിയയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ദിമിറ്റർ ബെർബറ്റോവ് ഫുട്ബാളിൽ നിന്ന് വിരമിച്ചു. ഇംഗ്ലീഷ് പ്രിമിയർ ലീഗലെ വിഖ്യാത ക്ലബായ മാഞ്ചസ്റ്റർ യുണൈറ്രഡിന്റെ പ്രമുഖതാരങ്ങളിൽ മുൻപന്തിയിലുള്ള ബെർബറ്റോവ് ടോട്ടൻഹാം ഹോട്സ്പർ, ബയേർ ലെവർകുസൻ, ഫുൾഹാം, മൊണാക്കോ എന്നീ പ്രമുഖ യൂറോപ്യൻ ക്ലബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
ഇരുപത് വർഷം നീണ്ട കരിയറിൽ അദ്ദേഹം അവസാനം കളിച്ചത് കേരള ബ്ലാസ്റ്രേഴ്സിന് വേണ്ടിയായിരുന്നു. 2017/18 ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്രേഴ്സിനായി ബൂട്ടണിഞ്ഞ താരം എന്നാൽ ചില അസ്വാരസ്യങ്ങളെ തുടർന്ന് ക്ലബ് വിടുകയായിരുന്നു. 9 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട്കെട്ടി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 38കാരനായ ബെർബറ്റോവ് വിരമിക്കൽ തീരുമാനം വെളിപ്പെടുത്തിയത്.
സി.എസ്.കെ.എ സോഫിയയിലൂടെ 1998ൽ പ്രൊഫഷണൽ ഫുട്ബാൾ കരിയർ ആരംഭിച്ച ബെർബറ്റോവ് മാഞ്ചസ്റ്രർ യുണൈറ്രഡിനൊപ്പം രണ്ട് പ്രിമിയർ ലീഗ് കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2011ൽ പ്രിമിയർ ലീഗിലെ ടോപ്സ്കോററായി.
ബൾഗേറിയക്കായി 1999ൽ തന്റെ പതിനെട്ടാം വയസിൽ അരങ്ങേറ്രം നടത്തിയ ബെർബ 2010ൽ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ബൾഗേറിയക്കായി 78 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ താരം നേടി.