gst-

ന്യൂഡൽഹി: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. ഹോട്ടൽ മുറികളുടെ ജി.എസ്.ടി നിരക്ക് കുറച്ചു. 1000 രൂപ വരെ വാടകയുള്ള മുറികൾക്ക് ജി.എസ്.ടി ഈടാക്കില്ല. 7,500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി. 7,500 രൂപയിൽ കുറവു വാടകയുള്ള മുറികൾക്ക് 18ൽ നിന്ന് 12 ശതമാനമായും കുറച്ചു. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് നിരക്ക് കുറയ്ക്കാൻ കേരളം ആവശ്യപ്പെട്ടിരുന്നു.

കാറ്ററിംഗ് സർവീസിനുള്ള ജി.എസ്.ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം തന്നെ ഇലപാത്രങ്ങൾക്കും കപ്പുകൾക്കും നികുതി ഈടാക്കില്ലെന്നും യോഗത്തിൽ തീരുമാനമായി. അതേസമയം, കഫീൻ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും. ഇവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി. 12 ശതമാനം സെസും ഏർപ്പെടുത്തി. സർക്കാർ, സ്വകാര്യ ലോട്ടറികൾക്ക് ഒരേ നികുതിയെന്ന നിർദേശം ജി.എസ്.ടി കൗൺസിൽ മന്ത്റിമാരുടെ സമിതിയുടെ പരിഗണനയ്ക്കു വിട്ടു.

ഗോവയിൽ ചേർന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിലാണ് തീരുമാനം.