ജി.ഡി.പി വളർച്ച മെച്ചപ്പെടുമെന്ന് ശക്തികാന്ത ദാസ്
കൊൽക്കത്ത: 2025ഓടെ 5 ലക്ഷം കോടി ഡോളർ സമ്പദ്‌ശക്തിയാകണമെങ്കിൽ ഇന്ത്യ ഇനിയുള്ള വർഷങ്ങളിൽ 12 ശതമാനം ജി.ഡി.പി വളർച്ച നേടണമെന്ന് എസ്.ബി.ഐ മാനേജിംഗ് ഡയറക്‌ടർ ദിനേശ് കുമാർ ഖര പറഞ്ഞു. വായ്‌പാ വിതരണം നിലവിലെ 98 ലക്ഷം കോടി രൂപയിൽ നിന്ന് 400 ലക്ഷം കോടി രൂപയിലേക്കും വർദ്ധിക്കണം. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഇന്ത്യ വളർന്നത് അഞ്ചു ശതമാനം മാത്രമാണ്.
പൊതുമേഖലാ ബാങ്കുകളുടെ ലയനം സമ്പദ്‌വളർച്ചയ്ക്ക് കരുത്തേകും. അസോസിയേറ്റ് ബാങ്കുകളുമായി ലയിച്ചപ്പോൾ മാനവവിഭവശേഷി പുനഃക്രമീകരണത്തിലൂടെ എസ്.ബി.ഐ 4,350 കോടി രൂപ ലാഭിച്ചു. സംയോജിത സർവീസ് ചാർജിലൂടെ 1,800 കോടി രൂപയുടെയും മറ്റ് വിഭാഗങ്ങളിലായി 400 കോടി രൂപയുടെയും ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ ജി.ഡി.പി വളർച്ച മെച്ചപ്പെടുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
കോർപ്പറേറ്റ് നികുതി കുറച്ചതുൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ വളർച്ചയുടെ ആക്കം കൂട്ടും. നാണയപ്പെരുപ്പം ഉൾപ്പെടെയുള്ള കണക്കുകൾ അനുകൂലമെങ്കിൽ വരും യോഗങ്ങളിലും മുഖ്യ പലിശ നിരക്ക് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.