
ലക്‌നൗ: മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദ് തനിക്കെതിരെ ലൈംഗികപീഡന പരാതി നൽകിയ നിയമ വിദ്യാർത്ഥിനിയ്ക്കെതിരെ കവർച്ചാ കേസ് നൽകി. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം. കേസിൽ പെൺകുട്ടിയെ നാലാം പ്രതിയാക്കി മിസ് എ എന്ന പേരിലാണ് പ്രത്യേക അന്വേഷണ സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ പെൺകുട്ടിയുമായി ബന്ധമുള്ള മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഥമദൃഷ്ട്യാ പെൺകുട്ടിയുടെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ നവീൻ അറോറ പറഞ്ഞു. പെൺകുട്ടിയുടേയും സുഹൃത്തായ സഞ്ജയ് സിംഗിന്റേയും ഫോണുകൾ കണ്ടുകിട്ടാനുണ്ടെന്നും കോൾ റെക്കോഡുകൾ അനുസരിച്ച് രണ്ടുപേരും തമ്മിൽ കഴിഞ്ഞ വർഷം 4,200 തവണ പരസ്പരം വിളിച്ചിട്ടുണ്ടെന്നും എന്നാൽ യുവതിയും ചിന്മയാനന്ദും തമ്മിൽ പരസ്പരം 200 തവണ മാത്രമാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.