drone-attack

റിയാദ്: എണ്ണപ്പാടങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു തിരിച്ചടിയായി ഹൂതി വിമതരുടെ പിടിയിലുള്ള യെമനിലെ ഹൊദൈദ തുറമുഖത്തിനു നേരെ ഇന്നലെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അതിശക്തമായ ആക്രമണം നടത്തി. റിമോട്ട് കൺട്രോൾ ബോട്ടുകളും കടലിൽ ഉപയോഗിക്കുന്ന മൈനുകളും നിർമിക്കുന്ന നാല് കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണനീക്കത്തിനും വാണിജ്യത്തിനും തടസം സൃഷ്ടിക്കുന്ന നാല് ഭീകര കേന്ദ്രങ്ങളാണ് തകർത്തതെന്നു സൗദി പ്രതിരോധ വക്താവ് കേണൽ തുർക്കി അൽ മൽക്കി പറഞ്ഞു.

ഹൊദൈദ തുറമുഖം ഭീകരത വളർത്താനുള്ള പ്രധാനകേന്ദ്രമായി ഹൂതി വിമതർ ഉപയോഗിക്കുകയാണെന്നും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ഇടമാക്കി മാറ്റിയെന്നും തുർക്കി അൽ മൽക്കി കുറ്റപ്പെടുത്തി. അതേസമയം, പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ ജനങ്ങളോട് സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദി അറേബ്യയുടെ സുപ്രധാന എണ്ണപ്പാടങ്ങൾ ഇറാൻ ആക്രമിച്ചു തകർത്തതിനു പിന്നാലെയാണ് ഗൾഫ് മേഖലയിൽ ഒമാൻ ഉൾക്കടലും ഹോർമുസ് കടലിടുക്കും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പുതിയ നാവികയുദ്ധ സഖ്യം നിലവിൽ വന്നത്. യു.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായ്മയിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് മറ്റംഗങ്ങൾ. സൗദി അറേബ്യ ഈ സഖ്യത്തിൽ ബുധനാഴ്ചയാണ് ചേർന്നത്.