ലണ്ടൻ: യൂറോപ്പ ലീഗ് ഫുട്ബാളിൽ പ്രമുഖ ടീമുകൾക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇംഗ്ലീഷ് സൂപ്പർ ടീമുകളായ മാഞ്ചസറ്രർ യുണൈറ്റഡ്, ആഴ്സനൽ, ഇറ്രാലിയൻ വമ്പൻമാരായ എ.എസ്. റോമ എന്നീ ടീമുകൾ ജയിച്ചു തുടങ്ങി.ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ആഴ്സനൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമ്മൻ ക്ലബ് എയിൻട്രാക്റ്ര് ഫ്രാങ്ക്ഫർട്ടിനെയാണ് കീഴടക്കിയത്.കളിയുടെ അവസാന അഞ്ച് മിനിട്ടുകളിൽ നേടിയ രണ്ടു ഗോളുകളാണ് എവേ മത്സരത്തിൽ ഗണ്ണേഴ്സിന് തകർപ്പൻ ജയം സമ്മാനിച്ചത്.
38-ാംമിനിട്ടിൽ വില്ലോക്കാണ് ആഴ്സനലിന്റെ ഗോൾ അക്കൗണ്ട് തുറന്നത്. തുടർന്ന് 85-ാം മിനിട്ടിൽ പെപെയുടെ പാസിൽ നിന്ന് ഷാക്ക അവരുടെ രണ്ടാം ഗോൾ നേടി. 88-ാം മിനിട്ടിൽ ഔബമെയാഗ് അവരുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു. നിരവധി ഗോളവസരങ്ങൾ ഫ്രാങ്ക്ഫർട്ടിന് ലഭിച്ചെങ്കിലും ഒന്നുപോലും ഗോളാക്കാൻ ആതിഥേയർക്ക് കഴിഞ്ഞില്ല. 79-ാം മിനിറ്റിൽ ഡൊമിനിക്ക് കോഹർ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് പത്ത് പേരുമായാണ് ഫ്രാങ്ക്ഫർട്ട് മത്സരം പൂർത്തിയാക്കിയത്.
ഗ്രൂപ്പ് എല്ലിലെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് കസാക്കിസ്ഥാൻ ക്ലബായ അസ്റ്റാനയെയാണ് തോൽപിച്ചത്. രണ്ടാം നിര ടീമിനെ ഇറക്കി കളിച്ച യുണൈറ്രഡിനായി 17കാരനായ മേസൺ ഗ്രീൻവുഡാണ് വിജയമുറപ്പിച്ച ഗോൾ നേടിയത്. 73-ാം മിനിറ്റിലായിരുന്നു ഗ്രീൻവുഡ് വലങ്കാലൻ ഷോട്ടിലൂടെ അസ്റ്രാനയുടെ വലകുലുക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കരിയറിലെ ആദ്യ ഗോളാണ് ഗ്രീൻവുഡ് കുറിച്ചത്.ഗ്രൂപ്പ് ജെയിൽ റോമ തുർക്കി ക്ലബ്ബായ ബെസെക്സഹിറിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് നിലംപരിശാക്കിയത്. എഡിൻ സെക്കോ, സനിയോളൊ, ജസ്റ്റിൻ ക്ലുയിവർട്ട് എന്നിവർ റോമയ്ക്ക് വേണ്ടി ഗോളടിച്ചു.
ബെസെക്സഹിറിന്റെ ജൂനിയർ കൈകരയുടെ വകയായി സെൽഫ് ഗോളും റോമയുടെ അക്കൗണ്ടിൽ എത്തി.മത്സരത്തിന്റെ 45-ാം സെക്കൻഡിൽത്തന്നെ സനിയോളൊ സ്കോർ ചെയ്തെങ്കിലും ഓഫ്സൈഡായിരുന്നു.
ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ ബൊറൂഷ്യ മോൺഷ്യൻഗ്ലാഡ്ബാഷ് മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ആസ്ട്രിയൻ ക്ലബ് വോൾഫ്സ്ബർഗറിനോട് തോറ്റു.