ന്യൂഡൽഹി: അയോദ്ധ്യയിലെ രാമജന്മഭൂമി ബാബ്റി മസ്ജിദ് കേസിൽ വിധി അനുകൂലമാണെങ്കിൽ അയോധ്യയിൽ സ്വർണം കൊണ്ട് രാമമഹാക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി.
നവംബർ ആദ്യ വാരം വരുന്ന വിധി ഹിന്ദു മഹാസഭയ്ക്കും ഹിന്ദുക്കൾക്കും അനുകൂലമാണെങ്കിൽ ഉടൻ തന്നെ കല്ലുകളും ഇഷ്ടികകളും കൊണ്ടല്ല സ്വർണത്താൽ രാമന്റെ മഹാക്ഷേത്രം പണിയാൻ തങ്ങൾ തീരുമാനിച്ചതായി സ്വാമി ചക്രംപാണി പറഞ്ഞു.
ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തുനിന്നുമുള്ള സനാതൻ ധർമ്മി ഹിന്ദുക്കൾ സ്വർണത്താൽ നിർമ്മിച്ച ശ്രീരാമന്റെ മഹാക്ഷേത്രം പണിയാൻ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് കേസിലെ വാദങ്ങൾ ഒക്ടോബർ 18 നകം പൂർത്തിയാക്കേണ്ടതുണ്ടെന്നും മദ്ധ്യസ്ഥ പാനൽ രഹസ്യസ്വഭാവത്തിൽ പ്രവർത്തനം തുടരാമെന്നും സുപ്രിംകോടതി ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.