ന്യൂഡൽഹി: അവസരം നൽകിയിട്ടും തുടർച്ചയായി പരാജയപ്പെടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് മുന്നറിയിപ്പുമായി ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്. പന്തിനാണ് പ്രഥമ പരിഗണ നൽകുന്നതെങ്കിലും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പകരം കളിക്കാരെ വളർത്തിക്കൊണ്ടുവരുന്നുണ്ടെന്ന് പ്രസാദ് വെളിപ്പെടുത്തി. എം.എസ് ധോണിയുടെ അഭാവത്തിൽ എല്ലാ ഫോർമാറ്റിലും അവസരം കിട്ടിയ പന്ത് മോശം പ്രകടനം തുടരുന്നതിനിടെയാണ് പ്രസാദ് ഒരു ദേശീയ മാധ്യമത്തോട് ഇക്കാര്യം വ്യക്തമാക്കിയത്.
പന്തിന്റെ ജോലിഭാരം തങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അതോടൊപ്പംആവശ്യമെങ്കിൽ പന്തിന് പകരം പരിഗണിക്കുന്നതിനായി മൂന്നു ഫോർമാറ്റിലും മറ്റ് താരങ്ങളെ വളർത്തിയെടുക്കുന്നുണ്ടെന്നും പ്രസാദ് പറഞ്ഞു. ഇന്ത്യ എയ്ക്ക് വേണ്ടി ടെസ്റ്റിൽ മികവ് കാണിക്കുന്ന കെ.എസ് ഭരത്,നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യ എയ്ക്കായും ആഭ്യന്തര മത്സരങ്ങളിലും മികവ് തെളിയിച്ച സഞ്ജു സാംസൺ ഇഷാൻ കിഷൻ എന്നിവർ സീനിയർ ടീമിലെക്ക് അവസരം കാത്ത് പിന്നണിയിലുണ്ടെന്ന് പ്രസാദ് വ്യക്തമാക്കി.
പന്തിന്റെ കഴിവിൽ സെലക്ടർമാർക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. ലോകകപ്പിന് ശേഷം പന്തിന്റെ കാര്യത്തിലായിരിക്കും കൂടുതൽ ശ്രദ്ധ നൽകുകയെന്ന് സെലക്ഷൻ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. പന്തിന്റെ വളർച്ചയിലാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹത്തിന്റെ കഴിവ് പരിഗണിച്ച് ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും പ്രസാദ് കൂട്ടിച്ചേർത്തു. പ്രസാദിന്റെ അഭിപ്രായത്തിന് ചുവട്പിടിച്ച് നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയതോടെ ചർച്ച സജീവമായി. ധോണിക്കു പകരക്കാരനായി പന്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നു പറഞ്ഞ സുനിൽ ഗാവസ്കർ, പന്തിന് പ്രതീക്ഷ കാക്കാനാകുന്നില്ലെങ്കിൽ സഞ്ജുവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
പലപ്പോഴും അനാവശ്യ ഷോട്ടു കളിച്ച് വിക്കറ്റു കളയുന്നതാണ് പന്തിനെതിരേ വിമർശനമുയരാൻ കാരണമായത്.