ബീജഗണിതം (കഥ)
ചുവപ്പും വെളുപ്പും മഞ്ഞയും ടൈലുകൾ ഇടകലർത്തി ഒരു ചിത്രകാരന്റെ കലാചാതുരിയോടെ ചമയിച്ചൊരുക്കിയ മുറ്റത്തേക്ക് ഞാൻ കയറി ചെല്ലുമ്പോൾ ആ വീട് ഉറക്കമുണർന്നു വരുന്നതേയുള്ളൂ എന്ന് എനിക്ക് തോന്നി. ചെറിയൊരാൾക്കൂട്ടം തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ഏതു നിമിഷവും അതു സംഭവിക്കാമെന്നായിരുന്നല്ലോ അറിഞ്ഞത്.
സാവകാശം പിന്നാമ്പുറത്തേക്ക് നടക്കുമ്പോൾ തെക്കുവശത്ത് പുതുതായി പണിയിച്ച സിറ്റൗട്ട് പോലൊരു നിർമ്മിതി. ഭിത്തികെട്ടിയ മറ, സിമന്റുതറ, ആസ്ബറ്റോസ് റൂഫ്, അകത്തെ പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിൽ ആൾരൂപമെന്ന വിശേഷണം അല്പം പോലും യോജിക്കാത്ത, പുതച്ചു ചുരുണ്ടുകൂടി കിടക്കുന്ന താലമ്മ. ചുറ്റിനും ഒരുപറ്റം ഈച്ചകൾ മാത്രം കൂട്ടിരുപ്പുകാർ! ഈച്ചകളേ നിങ്ങൾ ധന്യരാണ്. വേദനിക്കുന്ന സഹജീവിയെ ആശ്വസിപ്പിക്കാനും അവന് കൂട്ടിരിക്കാനും കഴിയുക ജീവിതാവസ്ഥയിലെ ഏറ്റവും ധന്യമായ മുഹൂർത്തത്തിലാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അടുത്തു ചെന്നപ്പോൾ വണക്കത്തോടെ എഴുന്നേറ്റു വഴിമാറി കൂട്ടിരുപ്പുകാർ. പിളർന്ന വായയുടെ ചുണ്ടോരത്ത് ഇരുന്നവൻ മാത്രം കണ്ട ഭാവം കാണിച്ചില്ല. അടുത്തുകിടന്ന പുതപ്പിന്റെ തുമ്പെടുത്ത് ഒന്നു വീശിയപ്പോൾ അവൻ പ്രാണനും കൊണ്ടുപാഞ്ഞു.
താലമ്മ എന്റെ അപ്പൂപ്പന്റെ ഏറ്റവും ഇളയ പെങ്ങളാണ്. താലമ്മ എന്ന നാമധാരണം എനിക്കുമാത്രം അവകാശപ്പെട്ടതാണ്. എന്റെ നാവുദോഷമെന്ന് വേണെങ്കിൽ വ്യാഖ്യാനിക്കാം. ശൈശവം പിന്നിടാൻ തുടങ്ങിയ കാലത്ത് സംസാരത്തിൽ 'ക"എന്ന അക്ഷരം എന്റെ നാവിന് വഴങ്ങാതിരുന്നതുകൊണ്ട് 'ക കളെല്ലാം ത യിലേക്ക് വഴിപിഴച്ചു. അങ്ങനെയാണ് കമലമ്മ താലമ്മയിലേക്ക് നടന്നുനീങ്ങിയത്. എന്നെ അനുകരിച്ചാണത്രേ മറ്റുള്ളവരും പിന്നീട് നാട്ടുകാരും വരെ താലമ്മ എന്ന പേരുറപ്പിച്ചത്. താലമ്മേ... ഒന്നേ വിളിച്ചുള്ളൂ. ഓ എന്നൊരു ശബ്ദം. അപ്പോൾ അബോധപ്പെട്ട ഒരവസ്ഥയിലൊന്നുമല്ല, വിദൂരതയിലെങ്ങോ ഉറപ്പിച്ചിരുന്ന മിഴികൾ ഒന്നടച്ചു തുറന്നു.
ആ...ആ...സാവധാനം കൈകൾ ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശോഷിച്ച കൈയിൽ ചെറുതായൊന്നു സ്പർശിച്ചപ്പോൾ വല്ലാതെ മുറുകെ പിടിച്ചെങ്കിലും ശക്തിയില്ലാതെ കൈകൾ താഴത്തേക്ക് പതിച്ചു. വാക്കുകൾ തൊണ്ടക്കുഴിയോളമെത്തി പ്രഭവസ്ഥാനത്തേക്ക് മടങ്ങുകയാണ്. നിറഞ്ഞൊഴുകിയ കണ്ണുകൾ മാത്രം ജീവന്റെ തുടിപ്പുകളറിയിച്ചു. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ വെളിപ്പെടുത്തണമെന്നുണ്ട്. എങ്ങനെ? ആരോട്? എന്തിന്? ഒന്നും മനസിലാവുന്നില്ല. ആയുർരേഖയിൽ കണ്ണുനട്ട് കാത്തിരുന്നവരെല്ലാം വന്നവഴിയേതന്നെ മടക്കയാത്ര കുറിച്ചുവല്ലോ. അവരുടെ കനലെരിഞ്ഞ പ്രാർത്ഥനകൾക്കും ഫലശ്രുതിയില്ലാതെ പോയി. നാലഞ്ചു വർഷമായില്ലേ ഈ കിടപ്പുതുടങ്ങിയിട്ട്. ഇനി അധികമില്ലെന്ന് എല്ലാവരും പറഞ്ഞു. ഇപ്പോൾ വയസ് തൊണ്ണൂറ്റഞ്ചായി. പരിചരണത്തിനൊരു സ്ത്രീയുണ്ട്. രാവിലെ വന്നു വൈകുന്നേരം മടങ്ങുന്നവർ. ഒരാഴ്ചയോളമായി തീരെ വയ്യ എന്നറിഞ്ഞാണ് ഞാനെത്തിയത്.
പലചരക്കുകടക്കാരൻ ദാമോദരൻ ചേട്ടന്റെ ഭാര്യ സാവിത്രിചേച്ചിയാണ് താലമ്മയുടെ ചരിത്രമൊക്കെ ഒരുദിനം എന്റെ മുമ്പിൽ നീട്ടിവിളമ്പിയത്. ഒരു ഒൻപതുവയസുകാരിയുടെ സ്വപ്നങ്ങളിൽ പോലും എത്തി നോക്കിയിട്ടില്ലാത്ത കഥകളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. ദാമോദരൻ ചേട്ടന്റെ കടയ്ക്കിരുവശവുമുള്ള ഓലമറ വേലി ചാടിക്കടന്നും നമ്പ്യാട്ടുകുന്നത്തെ വല്യമ്മേടെ പറമ്പിൽ പൊഴിഞ്ഞു കിടക്കുന്ന കുടംപുളി പൊട്ടിച്ച് അകം പരിപ്പ് തൊണ്ടതൊടാതെ വിഴുങ്ങിയും കാലിൽ കുത്തിയ തൊട്ടാവാടി മുള്ളു പറിച്ചെടുത്ത് ദൂരെക്കെറിഞ്ഞ് ഞൊണ്ടി ഞൊണ്ടി വീട്ടുമുറ്റം വരെയും അതുകഴിഞ്ഞാൽ അമ്മയുടെ വഴക്കും തല്ലും പേടിച്ച് വേദന കടിച്ചമർത്തി കാൽ അമർത്തിചവിട്ടി വീട്ടിനകത്തും നടക്കുന്ന കാലം. അന്നൊക്കെ അത്യാവശ്യമുള്ള പീടിക സാധനങ്ങൾ വാങ്ങാൻ അമ്മ എന്നെയാണ് നിയോഗിച്ചിരുന്നത്. അങ്ങനെയാണ് രണ്ടു കയ്യാലകൾക്കിടയിലുള്ള നാട്ടിടവഴി താണ്ടി കുത്തുകല്ലുകൾ ചവിട്ടിക്കയറി വല്യേമ്മാളുടെ വിശാലമായ പറമ്പിലൂടെ ഓടിച്ചാടി മൂളിപ്പാട്ടും പാടി പാപ്പിച്ചേട്ടത്തീടെ മകൾ രാജമ്മയേയും അവളുടെ ആങ്ങള ശിവദാസനെയും കൂട്ടുപിടിച്ച് ദാമോദരൻ ചേട്ടന്റെ കടയിലെത്തുന്നത്. ഒറ്റയ്ക്ക് നടക്കുമ്പോൾ പാപ്പിചേട്ടത്തി പശുവിനെയും കൊണ്ട് പുല്ലുതീറ്റിക്കാൻ വരുന്നതു കണ്ടാൽ ദൂരെ നിന്നേ കയ്യാലപ്പുറത്തു കയറി നിൽക്കും. പേടിക്കണ്ട മോളേ, പശു കുത്തുവൊന്നുമില്ല എന്നു പാപ്പിചേട്ടത്തി ധൈര്യപ്പെടുത്തിയാലും നിന്നിടം കടക്കുംവരെ നാരായണാ വിളിക്കുമെങ്കിലും അതു കഴിഞ്ഞാൽ പിന്നാലെ ചെന്ന് പശുവിന്റെ വാലിലൊന്നു തൊട്ടുനോക്കാനും കൂരായണം വിളിക്കാനും മടിയില്ലായിരുന്നു.
നിന്റെ താലമ്മ അവിടെണ്ടോടീ കൊച്ചേ? ഇപ്പ പൊറത്തോട്ടൊന്നും കാണാനില്ലല്ലോ. ഹൊ എങ്ങനെ നടന്നൊരു പെണ്ണുംപിള്ളയാ. എല്ലാം പോയി വല്ലടത്തും അടങ്ങിയൊതുങ്ങി ഇരിക്കാറായി.
കടവരാന്തയോടു ചേർത്തു കെട്ടിയുറപ്പിച്ച പലകത്തട്ടിലെ ചില്ലുകുപ്പികളിൽ നിരത്തിവച്ച ചുവന്ന വെള്ളത്തിലായിരുന്നു എന്റെ കണ്ണുകൾ. രാജമ്മയുടെ നോട്ടം മുഴുവൻ തട്ടിലെ വലിയ കുപ്പിഭരണിക്കുള്ളിൽ പരസ്പരം കലഹിച്ചിരിക്കുന്ന മഞ്ഞയും ഓറഞ്ചും കലർന്ന നാരങ്ങാമിഠായികളിലും. പീടിക സാധനങ്ങളെല്ലാം വാങ്ങിക്കഴിയുമ്പോൾ മിച്ചം കാശുണ്ടെങ്കിൽ രണ്ടണ നാരങ്ങാമുട്ടായിക്കെടുത്തോളാൻ അമ്മ പണ്ടേ അനുവാദം തന്നിട്ടുണ്ട്. വരുന്നവഴി അതിൽ നിന്ന് ഓരോന്നു രാജമ്മയ്ക്കും ശിവദാസനും പങ്കുവയ്ക്കും. അതും വായിലിട്ടു നുണഞ്ഞ് ഊറി ഊറി കൊഴുകൊഴാന്ന് വർത്താനോം പറഞ്ഞുനടക്കുമ്പോളായിരിക്കും തൊട്ടുമുമ്പിൽ ഒരു വില്ലൂന്നിയോ വളകഴപ്പനോ ഇഴയുന്നത്. പിന്നെ അവന് വഴിയൊഴിഞ്ഞ് കണ്ണുംവെട്ടത്തൂന്ന് അകലെയെത്തുവോളും കാത്തതിനുശേഷം ഓരോട്ടമാണ് വീട്ടിലേക്ക്. ഓടിക്കിതച്ചു ചെല്ലുമ്പോൾ അമ്മയുടെ ശകാരമുണ്ടെങ്കിലും നടന്ന സാഹസികത വിവരിക്കുമ്പോൾ വല്ലാത്തൊരു സംതൃപ്തിയാണ് മനസിൽ.
എപ്പോഴുമിങ്ങനെയാ. താലമ്മയെപ്പറ്റി പറഞ്ഞു വരുമ്പോൾ എന്റെ കാര്യമാ മുന്നേ നിൽക്കുന്നത്. താലമ്മ അമ്മൂമ്മയോടൊപ്പം തറവാട്ടിലായിരുന്നു. അമ്മൂമ്മ മരിച്ചതോടെ ഒറ്റപ്പെടലിന്റെ വിങ്ങലിലാണ് അപ്പൂപ്പന്റെ ചേട്ടന്റെ വീട്ടിൽ വന്ന് താമസം തുടങ്ങിയത്. താലമ്മയ്ക്ക് ഒരു മകനുണ്ടായത് കൈക്കുഞ്ഞായിരിക്കുമ്പോഴേ മരിച്ചുപോയത്രേ. താലമ്മയുടെ ഭർത്താവിനെപ്പറ്റി എനിക്കൊരറിവുമില്ല. എനിക്കോർമ്മ വയ്ക്കുമ്പോൾ താലമ്മ അച്ഛന്റെ തറവാട്ടിലെ ഒരംഗമാണെന്നറിയാം. അങ്ങനെയുള്ള താലമ്മയെപ്പറ്റിയാണ് സാവിത്രിചേച്ചിയുടെ പ്രസ്താവന ഇറങ്ങിവന്നു ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് ടോർച്ച് മിന്നിച്ചത്. കടത്തിണ്ണയിലെ കൊച്ചു ബെഞ്ചിൽ ബീഡിവലിച്ചിരുന്ന പുഞ്ഞൻ പള്ളീലെ പെരുന്നാളിന് ക്ലാർനെറ്റു വായിക്കുന്ന അന്ത്രയോസും അയാളുടെ കൂട്ടുകാരൻ ചാക്കോച്ചിയും സാവിത്രി ചേച്ചിയുടെ ചൂണ്ടക്കൊളുത്ത് എന്റെ നേരെ പായുന്നത് കണ്ട് ക്ലാർനെറ്റിന് മേലെയുള്ള സ്വരത്തിൽ ചിരിച്ച് ആരവം പൊഴിച്ചു.
ആ കൊച്ച് അന്ന് ചത്തുപോയതു നന്നായി. അല്ലെങ്കിലിപ്പം... നമ്പ്യാട്ടുകുന്നത്തെ മുത്തേമ്മള്ടെയാന്നല്ലേ പറേന്നത്? അതോ വെട്ടുകല്ലുപറമ്പിലെ തോമാച്ചന്റെയോ? ആർക്കറിയാം. ആളുകളു പലതും പറഞ്ഞിട്ടൊണ്ടേ.പരിഹാസവും ശൃംഗാരവും കലർന്ന വികൃതി ച്ചിരി.
ഈ താലമ്മ അന്നത്തെക്കാലത്ത് സംസ്കൃതം ശാസ്ത്രി പാസായതാണേ... മുത്തേമ്മൾടെ വീട്ടിൽ മകളെ സംസ്കൃതം പഠിപ്പിക്കാൻ പോയ വകേ കിട്ടിയതാന്നാ പറേണത്. അതൊന്നുമല്ല പാട്ടുപാറത്തോട്ടിൽ പതിവു കുളിക്കാൻ പോക്കിനിടെ കുഞ്ഞോനാച്ചന്റെ മകൻ തോമാച്ചൻ പണിപറ്റിച്ചതാന്നും കേൾവിയൊണ്ടേ. കുഞ്ഞോനാച്ചന്റേതല്ലേ മോൻ. വിത്തുഗുണം പത്തുഗുണം.
താലമ്മ നിത്യവും കുളിക്കാറുള്ളത് പാട്ടുപാറത്തോട്ടിലെ ഏളേച്ചിക്കടവിലാണ്. ഇരുപുറവും ഉയർന്നുനിൽക്കുന്ന വലിയ പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ വെള്ളിമുത്തു പാദസരം കുലുക്കി പതഞ്ഞൊഴുകുമ്പോൾ സപ്തസ്വരവീചികൾ ഉണരുന്നത് ആസ്വദിച്ച ആരോ ആണത്രേ ആ തോടിനു പാട്ടുപാറത്തോടെന്ന് പേരിട്ടത്. നാട്ടുമ്പുറത്തെ പെണ്ണുങ്ങൾ അടുക്കളപ്പണിയൊതുക്കി പിള്ളേരെ പള്ളിക്കൂടത്തിലും പറഞ്ഞയച്ചിട്ട് ഒരു കെട്ടു തുണിയും വാരിക്കെട്ടി പാട്ടുപാറത്തോട്ടിലെ ഏളേച്ചിക്കടവിലേക്ക് ഒരു പാച്ചിലാ. അലക്കുന്ന തുണികൾ ഓരോന്നായി പാറപ്പുറത്തു വിരിക്കും. കുളികഴിഞ്ഞു കയറിവരുമ്പോൾ ഉച്ചവെയിലും കരിമ്പാറയും കൂടി തുണികളെ പപ്പടം പോലെ ഉണക്കിയിരിക്കും. ഉണക്കിയ തുണികൾ അടുക്കികെട്ടിയ ഭാണ്ഡം തോളിലേറ്റിയ മടക്കയാത്രയിൽ തേങ്ങാ പൊഴിഞ്ഞതോ ഓലമടലോ ഉണങ്ങിയ റബ്ബർകമ്പൊടിഞ്ഞതോ പെറുക്കികൊണ്ടു പോകാനും മറക്കില്ല. പറമ്പുടമ തോമാച്ചൻ ഇതൊക്കെ കണ്ടു സന്തോഷിക്കയേയുള്ളൂ. ഒടുവിൽ പെണ്ണുങ്ങൾ കുളിക്കാനിറങ്ങുന്ന നേരം നോക്കിയാണ് തോമാച്ചൻ റബർ പാലെടുക്കാനും ഷീറ്റടിക്കാനും കടവിന് എതിർവശമെത്തുക. ഏക്കറു കണക്കിനുള്ള റബർ തോട്ടത്തിൽ ഈവക ജോലികൾക്കെല്ലാം പണിക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവയുടെ മേൽനോട്ടത്തിനാണത്രേ തോമാച്ചൻ വരുന്നത്. കുളിക്കടവിലെ മേൽനോട്ടത്തിനാണത്രേ പെണ്ണുങ്ങളുടെ അടക്കം പറച്ചിൽ!
അമ്മമാർ തുണിയലക്കുമ്പോൾ കരക്കിരുന്നു വെള്ളത്തിലേക്ക് റബർക്കുരുവും അപ്പക്കായയുമെറിഞ്ഞു കളിക്കുന്ന കൊച്ചുകുട്ടികളെ തോമാച്ചൻ കൈകാട്ടി വിളിക്കും. കാരക്കയും താന്നിക്കയും മാമ്പഴവും കശുമാങ്ങയും വച്ചുനീട്ടും. തോട്ടടിയിൽ ഈ മാതിരി ഫലവൃക്ഷങ്ങൾ ഒത്തിരിയുണ്ടല്ലോ. അടുത്ത നിമിഷം ഷീറ്റടിക്കുന്ന യന്ത്രം വച്ചിരിക്കുന്ന മെഷീൻ പുരയിലേക്ക് നടക്കും. ഇനി തരണമെങ്കിൽ മെഷീൻ പുരയിൽ വരണം. കൊതിമൂത്ത കുഞ്ഞുങ്ങൾ തോമാച്ചന്റെ പുറകേ മെഷീൻ പുരയിലേക്ക് വച്ചുപിടിക്കും. അവിടെ ചാരുബഞ്ചിനടിയിൽ കാരക്കയും താന്നിക്കയും മാങ്ങയുമെല്ലാം ഓരോരോ കുട്ടകളിലാക്കി വച്ചിട്ടുണ്ടാകും. തിന്നുമദിച്ച കുട്ടികൾ അലസഗമനം നടത്തുമ്പോൾ കുഞ്ഞുങ്ങളെത്തേടി അമ്മമാരെത്തും. ആടുകളെ മേച്ച് അക്കൽദാമയിൽ ഇടയപ്പെൺകൊടി ഒഴുകിനടക്കുന്നതുപോലെ. അവളുടെ തരുണവപുസിനപ്പോൾ പാട്ടുപാറത്തോട്ടിലെ കളകള പ്രവാഹത്തിനേക്കാൾ ചടുലതയും താളവേഗവുമുണ്ടാവും. മുന്തിരിത്തോപ്പിലെ വള്ളികൾക്കിടയിലൂടെ പാത്തുകളിക്കുന്ന അവളുടെ ചുണ്ടിലപ്പോൾ റൂത്ത് പാടിയ ഉന്മാദരാഗങ്ങളുടെ ശീലുകൾ മൂളി വരുന്നുണ്ടാകും. ഇമയനക്കമില്ലാതെ കോരിത്തരിച്ചു നിൽക്കുന്ന ചില്ലകൾ പൂത്തുലയും അതാണ് തോമാച്ചൻ കാത്തിരിക്കുന്നതും.
താലമ്മയാണ് വല്യമ്മേടെ മകൾ ഹൈമവതിയെ സംസ്കൃതം പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് രാമായണോം ഭാഗവതോമൊക്കെ വായിക്കുന്ന പതിവുണ്ട്. ഒരുനാൾ താലമ്മ എത്തുമ്പോൾ ഹൈമവതിയും അമ്മയും ദൂരെയേതോ ക്ഷേത്രത്തിൽ പോയിരിക്കുന്നു. പോകുന്ന കാര്യം നേരത്തേ സൂചിപ്പിച്ചിരുന്നുമില്ല. അഷ്ടപദി വായിച്ചിരുന്ന വലിയകൈമൾ സർവാംഗസുന്ദരി രാധയുടെ അംഗോപാംഗ വർണനയിൽ ലയിച്ചിരുന്നപ്പോളാണ് താലമ്മയുടെ രംഗപ്രവേശം. അങ്ങനെ മുഴുകിയിരുന്ന തന്റെ മുന്നിലവതരിച്ച ഇഷ്ടേശ്വരിയുടെ ദർശനത്തിൽ വനദേവത മയിൽപ്പീലിക്കാവടിചൂടി പാദസര കിലുക്കമുതിർത്തു. അഷ്ടപദിയിൽ നിന്നിറങ്ങിവന്ന അംബുജാക്ഷൻ യമുനാതീരത്ത് ഓടക്കുഴൽ നാദമുതിർത്തു. തേടിനടക്കുകയായിരുന്ന മുകിൽ വർണനെക്കണ്ട രാധയുടെ ആകാശത്തിലും പൂർണചന്ദ്രനുദിച്ചു. അവർ യമുനാപുളിനങ്ങളിൽ രാധാമാധവമാടുന്ന നേരത്ത് ആകാശവിതാനങ്ങളിൽ കാർമുകിൽക്കാടുകളെ കീഴ്മേൽ മറിച്ച് കല്പാന്തവിഭ്രമം പോലെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. മടങ്ങിയെത്തിയ ഹൈമവതിയും അമ്മയും വൻമരങ്ങൾ കടപുഴക്കി ഇടിമിന്നൽക്കൊടുവാളിളക്കി അണക്കെട്ടുകൾ തുറന്നൊഴുകി മഹാപ്രളയം സൃഷ്ടിച്ചു. ഇരുണ്ട മാളങ്ങളിലൊതുങ്ങി കഴിഞ്ഞിരുന്ന വിഷസർപ്പങ്ങൾ പത്തിവിടർത്തി സംഘനൃത്തമാടി. അങ്ങനെ താലമ്മയുടെ അദ്ധ്യാപനത്തിന് പരിസമാപ്തിയായി.
താലമ്മയുടെ ജീവിതത്തിലേക്കൊരു പുതുജീവൻ നാമ്പിട്ടുവരുന്നതിനെ സഹിക്കാനോ പൊറുക്കാനോ കുടുംബത്തിലാർക്കും കഴിഞ്ഞില്ല. നാട്ടിൻപുറത്തെ ചുവരുകളും അടുക്കളകോടതികളും പെൺതൊഴിലിടങ്ങളും ഒരുപാടുകാലം താലമ്മയെ കൊണ്ടാടി. അതോടെ താലമ്മ വാക്കുകൾ നഷ്ടപ്പെട്ടവളായി കഴിഞ്ഞുകൂടി. കുഞ്ഞിന്റെ ജനനത്തോടെ കുറച്ചെങ്കിലും വ്യതിയാനങ്ങൾ ഉണ്ടായിത്തുടങ്ങി. ഏതാണ്ട് ഒന്നൊന്നര വയസുള്ളപ്പോളാണ് പനിയോ മറ്റോ പിടിപെട്ട് ആ കുഞ്ഞു മരിച്ചത്. അതോടെ താലമ്മ വീണ്ടും തന്നിലേക്ക് തന്നെ ഒതുങ്ങി.
കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ലല്ലോ. അമ്മൂമ്മ മരിക്കുമ്പോൾ തന്നെ താലമ്മ വാർദ്ധക്യത്തിലേക്ക് കാലുവച്ചിരുന്നു. തറവാട്ടിലുണ്ടായിരുന്നവർ അവരെ ഒരു ബാദ്ധ്യത എന്ന സ്വീകരണമാല അണിയിച്ചാണെതിരേറ്റത്. ദുർഗതിക്കാറ്റു കുടഞ്ഞെറിഞ്ഞ വർഷങ്ങൾ എത്രയോ കടന്നുപോയി. ഒപ്പം നടന്നവരും പിന്നാലെ വന്നവരും പിന്മുറക്കാരും വരെ സകലക്ളേശങ്ങളിൽ നിന്നും നിരുപാധികം മോക്ഷം നേടി ഗോളാന്തര യാത്ര നടത്തി. കാലവും കാലനും താലമ്മയെ തിരിഞ്ഞു നോക്കാനുള്ള മനസു കാണിക്കാതെ തരിച്ചുനിൽക്കുന്നു. താലമ്മയെ വേണം എന്നു പറയാൻ ഈ ഭൂമിയിൽ ആര്?
എട്ടാം ക്ലാസിൽ ഞങ്ങളെ കണക്കുപഠിപ്പിച്ച തോമസ് സാർ പറഞ്ഞാണ് ഞാൻ ബീജഗണിതം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്. അന്നത്തെ സാറിന്റെ വാക്കുകൾ ഓർമ്മയിൽ തികട്ടുന്നു. ഒന്നേ രണ്ടേ മൂന്നേ എന്ന് ഇത്രനാൾ കണക്കുകൂട്ടിയതുപോലെയല്ലേ ബീജഗണിതം. ഇവിടെ അക്കങ്ങളല്ല. അക്ഷരങ്ങളാണ്. അന്ന് തോമസ് സാർ ബീജഗണിതവാക്യങ്ങൾ സോൾവ് ചെയ്യുന്നത് ഒരു മാജിക്ക് കാണുന്ന കൗതുകത്തോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. താലമ്മ എന്ന നിർദ്ധാരണം ചെയ്യപ്പെടാനാവാതെപോയ ബീജഗണിതം ഇന്നും എന്റെ മുന്നിൽ!