കുളത്തൂപ്പുഴ: തോക്കുചൂണ്ടി പൊലീസിനേയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തിയ ഓയിൽപാം അസിസ്റ്റന്റ് മാനേജരെ മിന്നൽ നീക്കത്തിലൂടെ കീഴ്പ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ചിതറ അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് പി. നായർ നാട്ടുകാരെയും സ്കൂൾ കുട്ടികളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്.
വിവരമറിഞ്ഞ് കടയ്ക്കൽ പൊലീസെത്തി. തുടർന്ന് ഓയിൽപാം ക്വാർട്ടേഴ്സിലുണ്ടായിരുന്ന പ്രതീഷ് സംസാരിക്കുന്നതിനിടെ പൊടുന്നനെ റിവോൾവറെടുത്ത് എസ്.ഐയ്ക്കുനേരേ ചൂണ്ടി. ഗത്യന്തരമില്ലാതെ പിൻമാറിയ പൊലീസ് പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് ഫയർഫോഴ്സും കൂടുതൽ പൊലീസുമെത്തി നാട്ടുകാരെ സുരക്ഷിതമായി മാറ്റി. പൊലീസും ഫയർഫോഴ്സും ചേർന്ന് ക്വാട്ടേഴ്സിന്റെ വാതിൽ ചവിട്ടിപൊളിച്ച ശേഷം മിന്നലാക്രമണത്തിലൂടെ പ്രതീഷിനെ കീഴ്പ്പെടുത്തുകയായിരുന്നു. സബ് ഇൻസ്പെക്ടർ സജു, സജീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതീയെ കീഴ്പ്പെടുത്തിയത്.
പിടിയിലായ ശേഷവും പ്രതീഷ് പൊലീസിനെതിരെ ഭീഷണി തുടർന്നു. അതേസമയം പ്രതീഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന് ഓയിൽ പാം അധികൃതർ പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാവാം പ്രകോപനത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് കടയ്ക്കൽ പൊലീസ് പറഞ്ഞു. മണിക്കൂറുകളോളം പ്രദേശത്തെ മുഴുവൻ വിറപ്പിച്ചിട്ടും ഓയിൽപാം അധികൃതർ എത്താതിരുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു