തിരുവനന്തപുരം: റോഡ് വികസനം യാഥാർത്ഥ്യമായിട്ടും തിരുവല്ലം ജംഗ്ഷൻ അസൗകര്യങ്ങളുടെയും അശാസ്ത്രീയതയുടെയും സംഗമസ്ഥലമായി മാറുന്നു. ആറുവരി പാതയും പുതിയ പാലവും വന്നതോടെ തിരുവല്ലം ജംഗ്ഷനിൽ വലിയ വികസന കുതിപ്പുണ്ടാകുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാൽ നിരവധി റോഡുകൾ വന്ന് ചേരുന്ന തിരുവല്ലത്ത് വാഹനയാത്രക്കാർ ഏത് വഴി എങ്ങോട്ട് പോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. നേരത്തേ പി.ഡബ്ലിയു.ഡി റോഡിനും ബൈപ്പാസിനും കൂടി ആകെ ഒരു പാലമാണ് ഉണ്ടായിരുന്നത്. ബൈപ്പാസ് വികസനത്തോടെ ഗതാഗതക്കുരുക്ക് കുറഞ്ഞെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം പുതിയ പ്രശ്നങ്ങൾ തലപൊക്കി.
അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് നിലവിലെ ഗതാഗതപ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോപണം. ദിവസവും ധാരാളം ഭക്തജനങ്ങളെത്തുന്ന പരശുരാമസ്വാമി ക്ഷേത്രം, ഹൈസ്കൂളുകൾ, അഞ്ച് റോഡുകൾ വന്നു ചേരുന്ന ജംഗ്ഷൻ ഇതൊക്കെ കണക്കാക്കി ഭാവി വികസനം കൂടി കണ്ട് റോഡ് വികസനം നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ കുഴപ്പങ്ങൾ ഒഴിവാക്കാമായിരുന്നു. കാൽനടയാത്രക്കാരിൽ എത്രപേർ നിരവധി പടികൾ കയറിയിറങ്ങി പുതിയ നടപ്പാലത്തിലൂടെ റോഡിന്റെ അപ്പുറമിപ്പുറം സഞ്ചരിക്കുമെന്ന് കാത്തിരുന്നു കാണണം. റോഡിലൂടെ തന്നെ മുറിച്ചു കടക്കാനാകും ആളുകൾ ശ്രമിക്കുക. മാത്രമല്ല ഒരു വശത്ത് മാത്രമെ നടപ്പാലമുള്ളൂ.
തിരക്കേറിയ മറുവശത്ത് റോഡ് മുറിച്ചു കടക്കാൻ സംവിധാനമില്ല. ഇവിടെ കാൽനടയ്ക്കായി അടിപ്പാത നിർമ്മിച്ചിരുന്നുവെങ്കിൽ ഇത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു. ഭൂമിശാസ്ത്രപരമായി അതിനുള്ള സൗകര്യം ഉണ്ടായിട്ടു പോലും ബൈപ്പാസ് നിർമ്മിച്ചവർ അതു വകവച്ചില്ലെന്നാണ് ആക്ഷേപം. ബൈപ്പാസിനായി പ്രത്യേകം പാലം വേണമെന്ന് മുമ്പ് സമരം നടത്തിയ യുവജനസംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഒരു വശത്ത് മാത്രം പുതിയ പാലം നിർമ്മിക്കുകയും മറുവശത്ത് പഴയ പാലം ഉപയോഗിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതു തന്നെയാണ് പ്രധാന പോരായ്മ. ബലികർമ്മത്തിന് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നു ദിവസവും ധാരാളം വിശ്വാസികളെത്തുന്ന പരശുരാമ സ്വാമി ക്ഷേത്രത്തിലേക്കും ബൈപ്പാസുമായി ബന്ധപ്പെട്ട് പാത ഒരുക്കാൻ അധികാരികൾ തയ്യാറായില്ല. റോഡ് വക്കിൽ നിന്നൊരു ആൽമരം മുറിച്ചു മാറ്റിയതാണ് ഈ ഭാഗത്ത് ആകെ നടന്ന വികസനം. ക്ഷേത്രത്തിലെത്തണമെങ്കിലും പുറത്തേക്ക് കടക്കണമെങ്കിലും വാഹനങ്ങളിലെ ഡ്രൈവർമാർ കഷ്ടപ്പെടേണ്ട അവസ്ഥയ്ക്ക് ഇപ്പോഴും മാറ്രം വന്നിട്ടില്ല.
വികസന നേട്ടങ്ങൾ
l കോവളം ഭാഗത്തു നിന്ന് വിമാനത്താവളം, ടെക്നോപാർക്ക്, കൊല്ലം ഭാഗങ്ങളിലേക്ക് തിരുവല്ലം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ പെടാതെ സുഗമമായി യാത്ര ചെയ്യാം.
l പുതിയതായി നിർമ്മിച്ച പാലം വൺവേ ആക്കിയത് ആ വഴിക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് സഹായിച്ചു
l പുതിയ നടപ്പാലം നിർമ്മിച്ചതോടെ റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാകും
ജംഗ്ഷനിൽ യമണ്ടൻ കുഴികൾ
തിരുവല്ലം ജംഗ്ഷനിൽ നടുവൊടിക്കുന്ന കുഴികളുടെ നീണ്ടനിര തന്നെയുണ്ട്. ബസ് സ്റ്റോപ്പിന്റെ മുന്നിൽ തന്നെയാണ് ഈ യമണ്ടൻ കുഴികളുള്ളത്. ഇവിടെ വീണ് വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടാകുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. തിരക്കേറിയ ഈ പാതയുടെ കുഴി അടയ്ക്കാൻ പോലും പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
വികസന വഴിയിലെ കുഴപ്പങ്ങൾ
കിഴക്കേകോട്ട ഭാഗത്തു നിന്നു കോവളം, വെങ്ങാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും എതിർവശത്തെ കോവളം, വെങ്ങാനൂർ ഭാഗങ്ങളിൽ നിന്നു പി.ഡബ്ലിയു.ഡി റോഡിലൂടെ കിഴക്കേകോട്ട ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങളും കടന്നു പോകുന്നത് പഴയ പാലത്തിലൂടെയാണ്. കോവളം ഭാഗത്തേക്ക് ബൈപ്പാസിൽ പോകണമെങ്കിലും ഈ പാലം തന്നെ ഉപയോഗിക്കണം. തിരക്കേറിയ സമയങ്ങളിൽ മൂന്നു നാലു പൊലീസുകാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ കഴിയൂ.
ബൈപ്പാസിന്റെ രണ്ടു വശത്തുമുള്ള സർവീസ് റോഡുകൾ പാലങ്ങൾക്കടിയിൽ മുറിഞ്ഞു പോയിരിക്കുന്ന നിലയിലാണ്. അങ്ങനെ കടന്നു പോകാൻ കഴിയാത്തിടത്താണ് ബസ് സ്റ്റോപ്പും നിർമ്മിച്ചിട്ടുള്ളത്!
ചാക്ക ഭാഗത്തു നിന്ന് ബൈപ്പാസു വഴി വരുന്ന വാഹനങ്ങൾ പി.ഡബ്ലിയു.ഡി റോഡിലേക്ക് കയറാനായി യു ടേണെടുക്കേണ്ട സ്ഥലത്തു കൂടിയാണ് കോവളം ഭാഗത്തു നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പി.ഡബ്ലിയു.ഡി റോഡിലേക്ക് കയറുന്നതും. ഇതേ സ്ഥലത്തു കൂടിതന്നെയാണ് സർവീസ് റോഡുകൾ ബൈപ്പാസിലേക്കു കയറുന്നതും. ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ് ഇവിടെ.
സർവീസ് റോഡുകൾക്കായി പ്രത്യേക പാലം നിർമ്മിച്ചാൽ മാത്രമെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയുള്ളൂ. ഇക്കാര്യം സ്ഥലം സന്ദർശിച്ച
ശശി തരൂർ എം.പിയോടു പറഞ്ഞിരുന്നു. അദ്ദേഹം വേണ്ട നടപടികൾ എടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. നെടുമം മോഹനൻ, കൗൺസിലർ