തിരുവനന്തപുരം: മൃഗശാലയിലെ ചെറുതും വലുതുമായ മൃഗങ്ങളുടെ മരണം തുടർക്കഥയാകുമ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മൃഗശാല അധികൃതർ. കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടയിൽ 105 പക്ഷിമൃഗാദികളാണ് മൃഗശാലയിൽ ചത്തത്. ഇവയിൽ 60 സസ്തനികൾ, 28 പക്ഷികൾ, 17 ഉരഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. തുടർച്ചയായി മൃഗങ്ങൾ ചത്തതോടെ മൃഗശാല അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. മൃഗശാലയിലെ സ്ഥലപരിമിതിയും സൗകര്യങ്ങളൊരുക്കുന്നതിലെ പോരായ്മയുമാണ് മരണങ്ങൾക്ക് കാരണമാകുന്നതെന്ന തരത്തിലുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നാണ് അധികൃതരുടെ വാദം.
മരണങ്ങൾക്ക് പിന്നിൽ
അസുഖം മൂലമല്ല, പ്രായാധിക്യവും മൃഗങ്ങൾ തമ്മിലുള്ള പോരുമാണ് കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നതെന്ന് മൃഗശാലാ അധികൃതർ പറയുന്നു. സസ്തനികളിൽ ഭൂരിഭാഗവും മരിക്കുന്നത് ഈ കാരണങ്ങളാലാണ്. മൃഗങ്ങളുടെ ജനന - മരണത്തിന് കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ജനനസമയത്ത് മരിക്കുന്നവയും ഈ കണക്കിൽ പെടും.
കഴിഞ്ഞ മാസം രണ്ട് ആനക്കൊണ്ടകൾ ചത്തത് ഇവ തമ്മിലുള്ള പോര് നിമിത്തമാണ്. വയനാട്ടിൽ നിന്നെത്തിച്ച കടുവയും മാസങ്ങൾക്ക് മുൻപ് ഇവിടെ ചത്തിരുന്നു. ശരീരമാസകലം പരിക്കുമായാണ് ഈ കടുവയെ മൃഗശാലയിൽ എത്തിച്ചതെന്നും ആ പരിക്കുകളാണ് മരണകാരണമായതെന്നുമാണ് അധികൃതരുടെ വിശദീകരണം. വ്യാഴാഴ്ചയാണ് നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന രാധയെന്ന പെൺസിംഹം ചത്തത്. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ രാധയുടെ മരണത്തിന് കാരണം അണുബാധയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ 12 വർഷത്തിനിടയിൽ മൃഗശാല അടച്ചിടേണ്ട സാഹചര്യം വന്നിട്ടില്ല. അവസാനമായി 2007ലാണ് കുളമ്പ് രോഗം കാരണം മൃഗശാല അടച്ചിട്ടത്. ഇക്കാലയളവിൽ രാജ്യത്തെ പല മൃഗശാലകളും രോഗഭീതി കാരണം അടച്ചിടേണ്ടി വന്നിട്ടുണ്ട്. 6 വർഷമായി പകർച്ചവ്യാധികളും മറ്റ് തിരിച്ചറിയപ്പെടാത്ത അസുഖങ്ങളും ഇവിടെയുള്ള മൃഗങ്ങളെ ബാധിച്ചിട്ടില്ല.
35 ഏക്കറിലെ മൃഗശാല
35 ഏക്കറിലായി പരന്ന് കിടക്കുന്ന മൃഗശാലയിൽ 151 ഇനം പക്ഷിമൃഗാദികളാണുള്ളത്. ഇവയുടെ എണ്ണം 1608ഓളം വരും. മൃഗശാല സ്ഥാപിക്കപ്പെട്ട 1857ൽ നിന്നും ഒരുപാട് മാറ്റങ്ങളും വികസനപ്രവർത്തനങ്ങളും ഇക്കാലയളവിൽ നടന്നെങ്കിലും കൂടുതലായി സ്ഥലമേറ്റെടുക്കാൻ സാധിച്ചിട്ടില്ല. മൃഗശാലയ്ക്ക് താങ്ങാവുന്നതിലുമധികം മൃഗങ്ങൾ ഇവിടെയുണ്ട്. മാൻ വർഗത്തിൽ പെട്ടവയുടെ എണ്ണം ക്രമാതീതമായി ഉയർന്നു.
ഹിപ്പൊപ്പൊട്ടാമസ്, മ്ലാവ്, മുള്ളൻപന്നി, നീലക്കാള, മയിൽ, ജലപക്ഷികൾ, കൃഷ്ണമൃഗം എന്നിവയാണ് ക്രമാതീതമായി പെരുകിയത്. എണ്ണം പെരുകിയത് കാരണം ഇവ തമ്മിലുള്ള പോരും അതേത്തുടർന്നുണ്ടാവുന്ന മരണനിരക്കും കൂടി. കൂടുതലുള്ള മൃഗങ്ങളെ മറ്റ് മൃഗശാലകളിലേക്ക് കൈമാറ്റം ചെയ്യാനുള്ള നടപടികളും നടക്കുന്നുണ്ട്.
മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനനനിയന്ത്രണ മാർഗങ്ങളും കേന്ദ്ര മൃഗശാലാ അധികൃതരുടെ നിർദ്ദേശപ്രകാരം നടപ്പാക്കുന്നുണ്ട്. മൃഗങ്ങളെ കൂടുകളിൽ നിന്നു മാറ്റിത്താമസിപ്പിക്കുക, വന്ധ്യംകരിക്കുക തുടങ്ങിയ മാർഗങ്ങൾ അവലംബിക്കുന്നുണ്ട്. അധികമായുള്ള ഹിപ്പൊപ്പൊട്ടാമസിനെ ഡാർജിലിംഗിലേക്ക് കൈമാറ്റം ചെയ്യാനുള്ള ആലോചനയും നടന്നുവരുന്നുണ്ട്.
കൂടുതലുള്ള മൃഗങ്ങളെ കാട്ടിലേക്ക് തുറന്നുവിടുക എന്ന നിർദ്ദേശം അപ്രായോഗികമാണ്. കൂടിനുള്ളിൽ വളർന്ന മൃഗങ്ങളെ കാട്ടിലേക്ക് അയച്ചാൽ അവയ്ക്ക് അതിജീവനം പ്രയാസമായിരിക്കും. കൂടാതെ ഏതെങ്കിലും അസുഖം ഈ മൃഗങ്ങൾക്കുണ്ടെങ്കിൽ കാട്ടിലുള്ള മൃഗങ്ങളെയും അത് ബാധിക്കും.
ആകെയുള്ളത് ഒരു ഡോക്ടർ
വലിയ മൃഗശാലകളുടെ വിഭാഗത്തിലുള്ള തിരുവനന്തപുരം മൃഗശാലയിൽ വേണ്ടത് രണ്ട് ഡോക്ടർമാരാണ്. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോൾ ഇവിടെ ലഭ്യമാകുന്നത്. ഇത്രയുമധികം മൃഗങ്ങളെ സംരക്ഷിക്കാൻ നിലവിലുള്ള ഒരു ഡോക്ടർക്കും ഒരു ലൈവ് സ്റ്റോക് ഇൻസ്പെക്ടർക്കും ബുദ്ധിമുട്ടുണ്ട്. ഒരു ഡോക്ടറുടെ തസ്തിക കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് മൃഗശാല അധികൃതർ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇത് സർക്കാരിന്റെ പരിഗണനയിലാണ്.