തിരുവനന്തപുരം: നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേരിൽ പുനർ നാമകരണം ചെയ്ത വി.ജെ.ടി ഹാളിന് മുന്നിൽ ഇപ്പോഴും അയ്യങ്കാളിയുടെ പേരില്ല. ഹാളിന്റെ പ്രധാന ഗേറ്റിലും സമീപത്തെ ഉപ ഗേറ്റിലും പേരുമാറ്റം സൂചിപ്പിക്കുന്ന ബോർഡുകളൊന്നും സ്ഥാപിക്കാൻ ഇതുവരെയും ഉദ്യോഗ തലത്തിൽ നടപടിയായില്ല. മുൻവശത്തെ ഗേറ്റിന് മുകളിലെ കമാനത്തിൽ ഇപ്പോഴും വിക്ടോറിയ ജൂബിലി ടൗൺ ഹാൾ എന്നു തന്നെയാണ് ബോർഡ് കാണപ്പെടുന്നത്.
അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ 28 ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വിക്ടോറിയ ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഹാളിനെ 'അയ്യങ്കാളി ഹാൾ' എന്ന് പുനർനാമകരണം ചെയ്യുന്നതായി പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെ സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുടെ നോട്ടീസിൽ ഹാളിന്റെ പേര് അയ്യങ്കാളി ഹാൾ എന്നാണ് രേഖപ്പെടുത്തിയതെങ്കിലും ഹാളിലെത്തിയാൽ അയ്യങ്കാളിയുടെ പേരില്ലാത്ത സ്ഥിതിയായി. ഓണം വാരാഘോഷം പോലുള്ള ബഹുജനങ്ങളെ ആകർഷിക്കുന്ന പരിപാടികൾ നടക്കുന്ന വേളയിൽ ഹാളിന്റെ പേര് പുതിയ രീതിയിൽ കാണപ്പെടുമെന്ന് കരുതിയവർ നിരാശരാകുകയും ചെയ്തു.
ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലുകളുടെ കുറവാണ് ഈ അനിശ്ചിതാവസ്ഥയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. ഹാൾ നവീകരിക്കുന്നതുവരെ പേര് മാറ്റില്ലെന്ന നിലപാടെടുക്കാതെ മഹാനായ അയ്യങ്കാളിയുടെ പേര് താമസിക്കാതെ തന്നെ ഹാളിന് മുന്നിൽ പ്രദർശിപ്പിക്കണമെന്ന് ചരിത്ര സ്നേഹികൾ ആവശ്യപ്പെടുന്നു. സർക്കാർ കനിഞ്ഞാലും ഉദ്യോഗ ലോബി കനിയില്ലെന്ന സ്ഥിതി ഭൂഷണമല്ലെന്നും അവർ പറയുന്നു.
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896ൽ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമിച്ചത്. 1888ൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിയമസഭ തുടങ്ങിയ തിരുവിതാംകൂറിൽ 1912ലാണ് അയ്യങ്കാളി പുലയ സമുദായത്തെ പ്രതിനിധാനം ചെയ്ത് സഭയിലെത്തിയത്. അവശജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയത് ഈ ഹാളിലായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനുവേണ്ടിയും പരീക്ഷാഫീസ് ഒഴിവാക്കുന്നതിനു വേണ്ടിയും സ്കൂളിലെ ഉച്ചക്കഞ്ഞിക്കുവേണ്ടിയും ഭൂരഹിതർക്ക് ഭൂമിവിതരണത്തിനുവേണ്ടിയും അദ്ദേഹം ഇവിടെ ശക്തിയുക്തം വാദിച്ചു.