തിരുവനന്തപുരം: നവരാത്രി വിഗ്രഹഘോഷയാത്രയെ തമിഴ്നാട്- കേരള അതിർത്തിയിൽ സ്വീകരിക്കുന്നതു മുതലും വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകുന്ന ഘട്ടത്തിലും എല്ലാ സംഘടനകളും ഭക്തരും ഹരിത ചട്ടം പാലിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശിച്ചു. നെയ്യാറ്റിൻകരയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. എല്ലാ സംഘടനകളും ഭക്തജനങ്ങളും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നതിനും ശബ്ദമലിനീകരണം ലഘൂകരിക്കുന്നതിനും തയ്യാറാകണമെന്നും ബോർഡ് അഭ്യർത്ഥിച്ചു. ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
ഘോഷയാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാൻ സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ കപ്പുകളും ഉപയോഗിക്കണം. ഘോഷയാത്രയ്ക്കൊപ്പമുള്ള വാഹനങ്ങളിൽ പരസ്യ ബോർഡുകളോ പരസ്യ പ്രചാരണമോ അനുവദിക്കില്ല. ഘോഷയാത്ര കടന്നു പോകുന്ന നഗരസഭാ പരിധിയിലെ വീഥികൾ ശുചീകരിക്കുന്നതിനും വഴിവിളക്കുകൾ തെളിക്കുന്നതിനും നെയ്യാറ്റിൻകര നഗരസഭ നടപടി സ്വീകരിക്കുമെന്ന് വൈസ് ചെയർമാൻ ഉറപ്പു നൽകി. അതിർത്തിയിലെ സ്വീകരണം നടക്കുന്ന പാറശാല കളിയിക്കാവിളയിൽ പാറശാല ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായി ക്രമീകരണങ്ങൾ നടത്തും.
സെപ്തംബർ 26 നാണ് പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹഘോഷയാത്ര തിരിക്കുന്നത്. 27 ന് കളിയിക്കാവിളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി കേരളത്തിലേക്ക് ആനയിക്കും. അന്ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ തങ്ങും. 28ന് രാവിലെ യാത്ര തിരിച്ച് രാത്രിയോടെ തലസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ എത്തിച്ചേരും.
യോഗത്തിൽ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എം.എസ്. യതീന്ദ്രനാഥ്, നെയ്യാറ്റിൻകര തഹസിൽദാർ മുരളീധരൻ നായർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു, ഭക്തജന സംഘടന പ്രതിനിധികൾ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനിയർ ഗോപകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, മറ്റ് ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.