തിരുവനന്തപുരം: പഞ്ചാരി മേളത്തിന്റെ താളത്തിനൊപ്പം ജീവിതത്തിന് നിറക്കൂട്ടൊരുക്കുകയാണ് കരിമഠം കോളനിയിലെ പതിനൊന്ന് കുട്ടികൾ. ഡോൺബോസ്കോ വീട് സൊസൈറ്റി, മാർഗി എന്നിവയുടെ 'ജീവിത താളം സൗജന്യ ചെണ്ടമേളം" ക്ലാസിൽ കഴിഞ്ഞ ഒരു വർഷമായി പരിശീലിക്കുന്ന കുട്ടികളാണ് ഇന്നലെ വൈകിട്ട് തീർത്ഥപാദ മണ്ഡപത്തിൽ അരങ്ങേറ്റം കുറിച്ചത്. മാർഗിയിലെ ചെണ്ട വിഭാഗം മേധാവി കലാമണ്ഡലം കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. മണക്കാടുള്ള ഡോൺബോസ്കോ വീട്ടിൽ ദിവസവും വൈകിട്ട് 5 മുതൽ ഒന്നര മണിക്കൂറും അവധി ദിവസങ്ങളിൽ നാല് മണിക്കൂറുമായിരുന്നു പരിശീലനം. ഇരുപത് വർഷത്തിലധികമായി കരിമഠം കോളനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഡോൺബോസ്കോ വീട് സൊസൈറ്റി.
അഫ്സൽ, എ.എച്ച്. അൻസർ, ഡി. ധനുഷ്, ഇഹ്സാൻ അഹമ്മദ്, എസ്. ഗൗതം, എസ്. ജിഷ്ണു, എൻ. മുഹമ്മദ് നഹാസ്, ഷഹബാസ്, എൻ.എസ്. ഷാനവാസ്, എസ്. സൂരജ്, വി.ആർ. വിഷ്ണു എന്നിവരാണ് ഇന്നലെ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ചത്. പരിശീലനത്തിന്റെ തുടക്കത്തിൽ 22ഓളം കുട്ടികളാണ് ഉണ്ടായിരുന്നത്. പലകാരണങ്ങളാൽ ചിലർ പാതി വഴിയിൽ പരിശീലനം ഉപേക്ഷിച്ചു. കുട്ടികൾ വളരെയധികം താത്പര്യത്തോടെയാണ് പരിശീലന കാലയളവിൽ പങ്കെടുത്തതെന്നും കലാമണ്ഡലം കൃഷ്ണദാസിന്റെ കീഴിലുള്ള പരിശീലനത്തിൽ കുട്ടികൾ വളരെയധികം സന്തോഷവാന്മാരാണെന്നും ഡോൺ ബോസ്കോ പ്രോഗ്രാം മാനേജർ മാനുവൽ ജോർജ് പറഞ്ഞു.
കുടുംബാംഗങ്ങളുടെ മികച്ച പ്രോത്സാഹനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. കുട്ടികൾക്ക് അവസരം ഒരുക്കുമെന്നും കോളനിയിലെ നിരവധി സ്ത്രീകളും പെൺകുട്ടികളും ചെണ്ടമേളം പഠിക്കാൻ താത്പര്യം പ്രകടിപ്പിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ വ്യക്തിത്വ വികാസം, സ്വഭാവ രൂപീകരണം, അച്ചടക്കം എന്നിവ ഉറപ്പ് വരുത്തുക, കുട്ടികളെ പഞ്ചാരിമേളത്തിനുള്ള ട്രൂപ്പാക്കി മാറ്റി ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജീവിത താളം പദ്ധതി നടപ്പിലാക്കിയത്.
തീർത്ഥപാദ മണ്ഡപത്തിൽ ഇന്നലെ വൈകിട്ട് നടന്ന അരങ്ങേറ്റം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മാർഗി സെക്രട്ടറി ശ്രീനിവാസൻ കുട്ടികളെ പരിചയപ്പെടുത്തി. ഫാ. തോമസ് പി.ഡി, ഡോ. ജോർജ് ഓണക്കൂർ, ഫാ. ജോയി നെടുംപറമ്പിൽ, ഫാ. സ്റ്റീഫൻ മുക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.