മെഗാ സ്റ്റാർ മോഹൻലാൽ സംവിധായകനായി അരങ്ങേറുന്ന ത്രിമാന ചിത്രമായ ബറോസിന്റെ ഷൂട്ടിംഗ് അടുത്ത വർഷം മാർച്ചിൽ ഗോവയിൽ ആരംഭിക്കും.ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.ബറോസിലെ നായികയെയും സംഗീതസംവിധായകനെയും നാളെ കൊച്ചിയിലെ ഗോകുലം പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.ബറോസിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത് പതിമൂന്നുകാരനായ ലിഡിയൻ നാദസ്വരമാണ്.ലോസേഞ്ചൽസിൽ നിന്നുള്ള പതിന്നാലുകാരിയാണ് നായികയാകുന്നത്.ഇരുവരും ചടങ്ങിൽ സംബന്ധിക്കും.
ലിഡിയൻ നാദസ്വരം ബറോസിന് വേണ്ടി സംഗീതമൊരുക്കുന്നുവെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് കേരളകൗമുദിയാണ്. കാലിഫോർണിയയിൽ നടന്ന സി.ബി.എസ് ഗ്ലോബൽ ടാലന്റ് ഷോയിൽ ഒന്നാം സമ്മാനം നേടിയാണ് ലിഡിയൻ ലോക ശ്രദ്ധ ആകർഷിച്ചത്.ഇതിനോടകം തന്നെ ലിഡിയൻ ബറോസിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി കഴിഞ്ഞെന്നാണ് അറിയുന്നത്. തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ.
വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കെ.യു. മോഹനനാണ് കാമറ കൈകാര്യം ചെയ്യുന്നത്.ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്റെ സംവിധായകനായ ജിജോ ആണ് ബറോസിന്റെ തിരക്കഥയെഴുതുന്നത്.ബറോസിന്റെ താരനിരയിൽ മലയാളികൾ ആരും ഉണ്ടാകില്ലെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പ്രശസ്ത സ്പാനിഷ് അഭിനേതാക്കളായ പാസ് വെഗയും റാഫേൽ അമർഗോയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ഷൂട്ടിംഗിന് മുൻപായുള്ള ജോലികൾ ഇപ്പോൾ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗിക്കുകയാണ്.
ബറോസിന്റെ പ്രഖ്യാപനത്തിനൊപ്പം ആശീർവാദ് സിനിമാസിന്റെ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫറിന്റെയും ഒടിയന്റെയും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെയും വിജയാഘോഷ ചടങ്ങുകൾ നടക്കും.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ,അറബിക്കടലിലെ സിംഹത്തിന്റെ ടീസർ ലോഞ്ചും ചടങ്ങിൽ ഉണ്ടാകുമെന്ന് അറിയുന്നു.