മലയാളത്തിന്റെ പ്രിയ താരം ഷെയ്ൻ നിഗം തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ സീനു രാമസ്വാമിയുടെ സ്പാ എന്ന ചിത്രത്തിലാണ് ഷെയ്ൻ അഭിനയിക്കുന്നത്. തെൻമേർക്കു പരുവക്കാറ്റ്, നീർപാർവൈ, ധർമ്മദുരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സീനു രാമസാമി.
ചെന്നൈയിലെ സ്പായിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ഷെയ്ൻ എത്തുന്നത്. കഥ ഇഷ്ടപ്പെട്ട ഷെയ്ൻ വളരെ പെട്ടെന്ന് ഡേറ്റ് നൽകുകയായിരുന്നുവെന്ന് സീനു രാമസ്വാമി പറഞ്ഞു. നവംബർ ഒടുവിൽ ചെന്നൈയിൽ ചിത്രീകരണം തുടങ്ങും. പോണ്ടിച്ചേരി , മേഘാലയ തുടങ്ങിയ സ്ഥലങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. ഛായാഗ്രഹണം എം.സുകുമാറും സംഗീതം എൻ.ആർ. രഘുനന്ദനും നിർവഹിക്കുന്നു. അതേസമയം തുടർച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ഷെയ്ൻ നിഗത്തിന് തിരക്കേറികൊണ്ടിരിക്കുകയാണ്.