-election

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ 12 മണിക്ക് വാർത്താ സമ്മേളനം നടത്തും. ദീപാവലിക്കു മുൻപ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളോടൊപ്പം ജാർഖണ്ഡിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാൽ, ഇത് ഡിസംബറിലേ ഉണ്ടാകുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് അടുത്തവൃത്തങ്ങൾ പറയുന്നത്. അടുത്ത വർഷം ജനുവരിയിലാണ് ജാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുക.

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഘടകകക്ഷിയായ ശിവസേനയുമായി സീറ്റു വിഭജനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 90 അംഗ ഹരിയാന നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് 2014–ൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ബി.ജെ.പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.