എന്തോ കുഴപ്പമുണ്ടെന്ന് എം.എൽ.എ ശ്രീനിവാസ കിടാവിനും മനസ്സിലായി.
അയാൾ വേഗം ഡൈനിങ് ടേബിളിനരുകിൽ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്കു വന്നു.
''എന്താടാ?"
ചോദിച്ചുകൊണ്ട് അയാൾ മകനെയും മരുമകളെയും മാറിമാറി നോക്കി.
ഇരുവരുടെയും മുഖങ്ങൾ വിളറിയിരിക്കുന്നതു കണ്ടു.
''ഇവിടെ എന്തോ കുഴപ്പം ഉണ്ടച്ഛാ.. ഉണ്ടാക്കിവച്ച ഭക്ഷണവും ജോലിക്കാരിയെയും കാണാനില്ല." സുരേഷ് കിടാവ് പറഞ്ഞു.
എം.എൽ.എയ്ക്കു ചിരിവന്നു.
''ഭക്ഷണവും ജോലിക്കാരിയും അപ്രത്യക്ഷമായാൽ അതിനർതഥം കുഴപ്പമുണ്ടെന്നാണോടാ?"
ഹേമലതയോ സുരേഷോ അതിനു മറുപടി നൽകിയില്ല.
പകരം തുറന്നുകിടന്നിരുന്ന അടുക്കള വാതിൽക്കലേക്കു നോക്കിക്കൊണ്ട് സുരേഷ് ഉച്ചത്തിൽ വിളിച്ചു.
''ഭാനുമതീ..."
ആ ശബ്ദം ഇരുളിലൂടെ പരന്നുപോയി. പ്രതികരണമില്ല...
സുരേഷ്, പുറത്തെ ലൈറ്റു തെളിച്ചിട്ട് അങ്ങോട്ടിറങ്ങി.
വടക്കുകിഴക്കു ഭാഗത്തായിരുന്നു കിണർ. അതിന്റെ അരുകിൽ എന്തോ കിടക്കുന്നത് അവന്റെ കണ്ണിൽ പെട്ടു.
''ഹേമേ..." വിളിച്ചുകൊണ്ട് അവൻ അങ്ങോട്ടു നടന്നു.
ഹേമലത പിന്നാലെ ഓടിച്ചെന്നു...
അവിടെ....
കിണറിനരുകിലെ വാർത്ത തറയിൽ കിടക്കുന്നു ഭാനുമതി...
ഭക്ഷണ പാത്രങ്ങൾ ശൂന്യമായി അവിടെ ചിതറിക്കിടക്കുന്നു...
സുരേഷും ഹേമലതയും പരസ്പരം നോക്കി.
ശ്രീനിവാസ കിടാവും അങ്ങോട്ടെത്തി. എല്ലാം ഒന്നു ശ്രദ്ധിച്ചു.
ഇപ്പോൾ മനസ്സിലായില്ലേ ഇത് പ്രേതവും പിശാചും ഒന്നുമല്ലെന്ന്? ആഹാരത്തോട് ആർത്തിയുള്ള ആരോ ചെയ്ത പണിയാ ഇത്."
കിടാവിന് അക്കാര്യത്തിൽ സംശയമില്ല.
''അപ്പോൾ ഭാനുമതി ബോധം കെട്ടതോ അങ്കിളേ?"
ഹേമലത തർക്കിച്ചു.
''ഒരുപക്ഷേ ഇവളുടെ തലയിൽ ആരെങ്കിലും അടിച്ചുകാണും. അതല്ലെങ്കിൽ ഇവൾക്ക് അറിയാവുന്നവർക്ക് ഭക്ഷണം എടുത്തു കൊടുത്തിട്ട് ഇങ്ങനെ അഭിനയിക്കുന്നതാവും." കിടാവ് ചിരിച്ചു.
കിണറിനരുകിൽ ഒരു പൈപ്പ് ഉണ്ടായിരുന്നു.
ഹേമലത അതിൽ നിന്നു വെള്ളം പിടിച്ച് ഭാനുമതിയുടെ മുഖത്തേക്കൊഴിച്ചു.
അടുത്ത നിമിഷം 'കൊല്ലല്ലേ" എന്ന് അലറിക്കൊണ്ട് ഭാനുമതി ചാടിയെണീറ്റ് അവരെ തൊഴുതു.
പിന്നെ മുന്നിൽ നിൽക്കുന്നവരെ വ്യക്തമായപ്പോൾ പൊട്ടിക്കരഞ്ഞു.
ഹേമലത അവരുടെ തോളിൽ കൈവച്ചു.
''എന്താ ഭാനുമതീ ഉണ്ടായത്?"
അത് ശ്രദ്ധിക്കാതെ ഭാനുമതി പേടിയോടെ ചുറ്റും നോക്കി.
''വാ.. അകത്തുപോയി സംസാരിക്കാം..."
ഭാനുമതി അവർക്കു പിന്നാലെ നടന്നു. അടുക്കളയിലെത്തിയതും ഹേമലത ചോദ്യം ആവർത്തിച്ചു.
''തലയോട്ടി... കുറെ പിശാചുക്കള്.." ഭാനുമതിയുടെ ചുണ്ടു വിറച്ചു.
ആർക്കും ഒന്നും മനസ്സിലായില്ല...
ഹേമലത ഒരു ഗ്ളാസ് വെള്ളം പകർന്നു ഭാനുമതിക്കു നൽകി. അത് വലിച്ചു കുടിച്ചശേഷം ആ സ്ത്രീ ഉണ്ടായത് പറഞ്ഞു.
അപ്പോഴും കിടാവിന് ചിരിയായിരുന്നു...
''പുക വരുന്ന തലയോട്ടിയോ?"
പക്ഷേ ഭാനുമതി തന്റെ വാദത്തിൽ ഉറച്ചുനിന്നു.
''ഞാൻ കണ്ടതാ സാറേ..... പുക വരുന്ന തലയോട്ടിയും കുറെ കറുത്ത പ്രേതങ്ങളും."
''ഹാ." കിടാവ് തല കുടഞ്ഞു. വലതു കയ്യുടെ അണിവിരൽ ചെവിക്കുള്ളിലേക്കു കുത്തി ഒന്നു കുടഞ്ഞു.
''കണ്ടതൊക്കെ അങ്ങനെതന്നെയിരിക്കട്ടെ.... നാളെ ക്യാമറകൾ വച്ചു കഴിയുമ്പോൾ എല്ലാം തെളിയും..."
പെട്ടെന്ന് ഒരു നിലവിളി.
''പപ്പാ..."
''യ്യോ... അത് കുട്ടികളാണല്ലോ..." സുരേഷ് തീൻമുറിയിലേക്ക് പാഞ്ഞു.
എന്നാൽ കുട്ടികൾ അവിടെ ഉണ്ടായിരുന്നില്ല....
നിലവിളി അകലേക്കു നീണ്ടുപോകുന്നതു പോലെ..
അതിന്റെ പ്രതിധ്വനി കാരണം എവിടെയാണെന്നു വ്യക്തമല്ല....
''മക്കളേ..."
സുരേഷിനൊപ്പം ഹേമലതയുടെയും അലർച്ച കോവിലകത്തെ വിറപ്പിച്ചു.
ആ ക്ഷണം ആരവിന്റെയും ആരതിയുടെയും നിലവിളി നിലച്ചു.
''നോക്കെടാ..."
ഭ്രാന്തുപിടിച്ചതുപോലെ ശ്രീനിവാസ കിടാവും അങ്ങിങ്ങോടി.
ടോർച്ചുകളുമായി മൂവരും കോവിലകം മുഴുവൻ തിരഞ്ഞു.
കുട്ടികളെ കണ്ടില്ല!
''ഇനി തട്ടിൻപുറങ്ങളും നിലവറകളും മാത്രമേയുള്ളു തിരയുവാൻ."
സുരേഷ്, അച്ഛനെ നോക്കി.
''അത് ഏതായാലും വേണ്ടാ. അവിടെ നമുക്കായി ആരെങ്കിലും ചതി ഒരുക്കിവച്ചിട്ടുണ്ടോ എന്ന് അറിയില്ലല്ലോ...." കിടാവ് തടഞ്ഞു.
ഒപ്പം ഫോൺ എടുത്ത് നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കു ഫോൺ ചെയ്തു.
ഇരുപത് മിനിട്ടിനുള്ളിൽ സി.ഐ അലിയാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി.
അലിയാരെ നോക്കിയില്ല കിടാവ്.
കാര്യങ്ങൾ പറഞ്ഞത് സുരേഷാണ്.
''ഉം." അലിയാർ അമർത്തി മൂളി.
പിന്നെ തിരച്ചിലായി.
കുട്ടികളെ കണ്ടില്ല.
ഇനി തട്ടും പുറവും നിലവറയും..."
അലിയാർ നിലവറയ്ക്കു നേരെ തന്റെ സംഘവുമായി നടന്നു...
(തുടരും)