റിയാദ് : ഗൾഫ് മേഖലയിലേക്ക് കൂടുതൽ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇതോടെ യുദ്ധ നിഴലിലായ ഗൾഫ് മേഖല കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികൾക്കുമുള്ള വ്യോമ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പെന്റഗൺ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ സൗദിയിലെ പൊതുമേഖല എണ്ണകമ്പനിയായ അരാംകോയിലുണ്ടായ അത്യാഹിതമാണ് അമേരിക്കയെ കൂടുതൽ സൈനികരെ അയക്കുവാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സൗദി എണ്ണയുത്പാദനം ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ഹൂതികളുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ പ്രേരക ശക്തി ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തുവന്നിരുന്നു. സൗദിയിൽ വ്യോമപ്രതിരോധമൊരുക്കിയ അമേരിക്കയ്ക്കും ഹൂതികളുടെ ആക്രമണം തിരിച്ചടിയായിരുന്നു. സൗദിക്ക് വേണമെങ്കിൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നൽകാമെന്ന് റഷ്യൻ പ്രസിഡന്റ് പ്രസ്താവിച്ചതും അമേരിക്കയ്ക്ക് നാണക്കേടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സൈനികരെ അമേരിക്ക അയക്കുന്നത്. അതേ സമയം അമേരിക്കയുടെ ഭാഗത്തുനിന്നുമുണ്ടാവുന്ന പ്രകോപനപരമായ പ്രസ്താവനകൾക്ക് അതേ നാണയത്തിലാണ് ഇറാനും മറുപടി നൽകുന്നത്, ഇത് സംഘർഷാവസ്ഥ വർദ്ധിപ്പിക്കുന്നുണ്ട്.