ന്യൂഡൽഹി: രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ തിരിച്ചടി നേരിട്ടതിന്റെ കാരണം വെളിപ്പെടുത്തി മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ. വിക്രം ലാൻഡറിന്റെ സാങ്കേതിക വശം വേണ്ടതിൽ കൂടുതൽ സങ്കീർണം ആയതിനാലാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ച് ഇറങ്ങിയതെന്നാണ് ഇദ്ദേഹം പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ പരാജയത്തിൽ നിരാശപ്പെടേണ്ട കാര്യമില്ലെന്നും പരാജയപ്പെട്ട മിഷനിൽ നിന്നും പല വിലപ്പെട്ട കാര്യങ്ങളും പഠിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ലാൻഡറുകളിൽ ഒറ്റ എൻജിൻ മാത്രമാണ് ഉണ്ടാകുക എന്നുപറഞ്ഞ അദ്ദേഹം ചന്ദ്രയാൻ 2വിൽ സങ്കീർണമായ അഞ്ച് എൻജിനുകൾ ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടി.
ഈ എൻജിനുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യമാണെന്നും മറ്റ് രാജ്യങ്ങളുടെ ചാന്ദ്ര ലാൻഡറുകൾക്ക് കരുത്തുള്ള ഒരു എൻജിൻ മാത്രമാണ് സാധാരണ ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിൽ ലാൻഡ് ചെയ്യാറാകുമ്പോൾ ഈ ഒറ്റ എൻജിൻ മാത്രം ഓഫ് ചെയ്ത് സോഫ്റ്റ് ലാൻഡ് ചെയ്യുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.ആദ്യം ഒറ്റ എൻജിൻ മാത്രമാണ് വിക്രം ലാൻഡറിന് നൽകാൻ തീരുമാനിച്ചിരുന്നെതെന്നും പിന്നീടാണ് ഇതിനു മാറ്റം വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ലാൻഡറിലുള്ള 4 എൻജിനുകൾ ഓഫ് ചെയ്യാനും സോഫ്റ്റ് ലാൻഡ് ചെയ്യാനുമായിരുന്നു പദ്ധതി.
എന്നാൽ അഞ്ചാമത്തെ എൻജിൻ കൂടി ഉൾപ്പെടുത്തിയപ്പോൾ ലാൻഡറിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയെന്നും ഇത് കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അഞ്ചാമത്തെ എൻജിൻ എത്രത്തോളം നന്നായി പരിശോധനയിൽ കൂടി കടന്നുപോയി എന്നും കാര്യത്തിൽ തനിക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ഇൻപുട്ട് നൽകിയത് കാരണമാകാം ലാൻഡറുമായുള്ള ബന്ധത്തിൽ തടസം സംഭാവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു ബഹിരാകാശ ദൗത്യത്തിന്റെ വിജയത്തിന് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുക, പദ്ധതിയിൽ മാറ്റം വരുത്താതിരിക്കുക, സാങ്കേതിക വിദ്യ ഏറ്റവും ലളിതമാക്കുക എന്നീ കാര്യങ്ങളാണ് ചെയ്യേണ്ടതും അദ്ദേഹം നിരീക്ഷിച്ചു. സെപ്തംബർ ഏഴിനാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ച് ഇറങ്ങുന്നത്. ഇതു മൂലം ലാൻഡറുമായുള്ള വിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു.