thiruvattar

നാഗർകോവിൽ: പ്രമാദമായ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിലെ മോഷണക്കേസിന് കഴിഞ്ഞദിവസമാണ് തിരശല വീണത്. ക്ഷേത്രത്തിലെ മൂല വിഗ്രഹത്തിൽ നിന്ന് സ്വർണകവചം പൊളിച്ചെടുത്ത ക്ഷേത്രമേൽശാന്തി ഉൾപ്പെട്ട 23 പേരെയാണ് 27 വർഷങ്ങൾക്ക് ശേഷം കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് കഠിനതടവും 10000 മുതൽ മൂന്നര ലക്ഷം വരെ പിഴയുമാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ക്രിസ്റ്റീൻ ശിക്ഷ വിധിച്ചത്.

തിരുവട്ടാർ സ്വദേശികളായ ശ്രീഅയ്യപ്പൻ(75), ഗോപാലകൃഷ്ണൻ ആശാരി(77), ഗോപിനാഥൻ(86), കൃഷ്ണമ്പാൾ(61), മുത്തുകുമാർ(47), മുത്തുനായകം(61), വേലപ്പൻ നായർ(73), മാത്തൂർ സ്വദേശിയായ ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യര്(69), തോവാള സ്വദേശി മഹാരാജപിള്ള(80), കുലശേഖരം സ്വദേശി ഗോപാലകൃഷ്ണൻ(79), തച്ചനല്ലൂർ സ്വദേശി ശങ്കര കുറ്റാലം(88), കന്നുമാമൂട് സ്വദേശി അപ്പുക്കുട്ടൻ(67), നട്ടാലം സ്വദേശി കുമാർ(51), മയിലാടുതുറ സ്വദേശി മുരുകപ്പൻ(77) എന്നിവർക്ക് ആറുവർഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്. തിരുവട്ടാർ സ്വദേശികളായ സുരേന്ദ്രൻ(59), ജനാർദനൻ പോറ്റി(66), മണികണ്‌ഠൻ നായർ(56), ലക്ഷ്മണൻ(60), ചെമ്പരുത്തിവിള കേശവരാജു(62), പുതുക്കട സ്വദേശി അയ്യപ്പൻ ആശാരി(72), തേങ്ങാപട്ടണം സ്വദേശി ആറുമുഖം ആശാരി(69), പൂട്ടേറ്റി അപ്പാവു(75), കരമന സ്വദേശി മുത്തുകൃഷ്ണൻ ആശാരി(62) എന്നിവർക്ക് മൂന്നുവർഷമാണ് ശിക്ഷ. ഇതിൽ ജനാർദനൻ പോറ്റി മറ്റൊരു കേസിൽ ജയിലിലാണ്.

thiruvattar

സ്വർണം കടത്തിയത് പൂജാത്തട്ടിൽ, കണ്ടുപിടിച്ചത് വർഷങ്ങൾക്കു ശേഷം വന്ന പൂ‌ജാരി

തിരുവനന്തപുരത്തു നിന്ന് 54 കിലോമീറ്റർ അകലെ മാർത്താണ്ഡത്താണ് പ്രശസ്‌തമായ തിരുവട്ടാർ ആദികേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായപ്പോൾ ക്ഷേത്രം തമിഴ്നാട് ദേവസ്വത്തിന്റെ നിയന്ത്രണത്തിലായി. പത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെ കടുശർക്കര പ്രയോഗത്തിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നതെന്നതിനാൽ അഭിഷേകം നടത്താറില്ല. അഭിഷേകത്തിനു വേറെ വിഗ്രഹമുണ്ട്. 1984 കാലഘട്ടത്തിൽ ക്ഷേത്രത്തിലെ മേൽശാന്തി ഇല്ലാതായപ്പോൾ കീഴ്ശാന്തിയായിരുന്ന കേശവൻ നമ്പൂതിരിയെന്നയാൾ പൂജകളുടെ ചുമതലയേറ്റെടുത്തു. ആ സമയത്താണ് വിഗ്രഹത്തിൽനിന്ന് സ്വർണകവചം വെട്ടിമാറ്റാൻ തുടങ്ങിയത്.

thiruvattar

വളരെ തന്ത്രപരമായായിരുന്നു സ്വർണം കടത്തൽ. പുലർച്ചെ നിർമ്മാല്യം തൊഴാൻ പൂജാത്തട്ടുകളുമായാണ് പ്രതികൾ വരിക. പൂജാത്തട്ട് ശ്രീകോവിലിനുള്ളിലേക്ക് വാങ്ങുന്ന കേശവൻ പോറ്റി പ്രസാദത്തിനൊപ്പം ദേവന്റെ തങ്കഅങ്കിയിൽ നിന്ന് പൊട്ടിച്ചെടുത്ത സ്വർണത്തകിടും നൽകും. വിഗ്രഹം പട്ടുകൊണ്ട് മൂടിയ നിലയിലായതിനാൽ ദർശനത്തിനെത്തുന്ന ഭക്തർ ഇതറിഞ്ഞിരുന്നില്ല. അന്നത്തെ വിലയനുസരിച്ച് ഒരു കോടിരൂപ വിലമതിക്കുന്ന 12 കിലോ സ്വർണവും കിരീടവും മുത്തു മാലകളുമാണ് കടത്തിയത്. അങ്ങനെയിരിക്കെയാണ് പുതുതായി ചുമതലയേറ്റ മേൽശാന്തി,​ സ്വർണഅങ്കി തകരമായി മാറിയെന്ന് നാട്ടുകാരെ അറിയിക്കുന്നത്.

നാട്ടുകാരുടെ രോഷം അണപൊട്ടുന്നു, അന്വേഷണം പ്രഖ്യാപിച്ചത് ജയലളിത

സംഭവം അറിഞ്ഞതോടെ നാട്ടുകാരുടെ രോഷം അണപൊട്ടി. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ പലപ്രതിഷേധങ്ങളും നടത്തി. വളരെക്കാലത്തെ ശ്രമങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ശ്രദ്ധയിൽ വിഷയമെത്തിയപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവട്ടാർ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതായപ്പോൾ തിരുനെൽവേലിയിലെ സി.ബി.സി.ഐ.ഡി. 1992ൽ അന്വേഷണച്ചുമതല ഏറ്റെടുത്തു. അന്വേഷണം തുടങ്ങിയതോടെ ശാന്തിക്കാരൻ കേശവൻ പോറ്റി ആത്മഹത്യ ചെയ്‌തു. തുടർന്ന് ഭാര്യ കൃഷ്ണമ്മാളെ പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തി. അന്വേഷണം തുടരുമ്പോൾ ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരൻ തിരുവട്ടാർ സ്വദേശി ഗോവിന്ദപിള്ള മാപ്പുസാക്ഷിയായി. ഇയാൾ നൽകിയ വിവരങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ അന്വേഷണസംഘത്തെ സഹായിച്ചത്. കൃഷ്ണമ്മാൾക്കും കിട്ടി ആറു വർഷം കഠിന തടവ്.

thiruvattar

പെട്ടെന്നൊരു നാൾ കൃഷ്‌ണമ്മാൾ സർവാഭരണഭൂഷിതയായി, നിധികിട്ടിയോ എന്ന് അമ്പരന്ന് അന്നാട്ടുകാർ

ഭാര്യ കൃഷ്ണമ്മാളുടെ സ്വർണത്തോടുള്ള അമിതമായ ആർത്തിയാണ് കേശവൻ പോറ്റിയെ ഇത്തരത്തിലൊരു നീചകർമത്തിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. പെട്ടെന്നൊരു ദിവസം മുതൽ കൃഷ്ണമ്മാൾ സ്വർണാഭരണങ്ങൾ അണിഞ്ഞുതുടങ്ങിയത് അയൽക്കാരുടെ ശ്രദ്ധയിൽപെട്ടു. ഇടത്തരക്കാരനായ ക്ഷേത്രജീവനക്കാരൻ കേശവൻ പോറ്റിയുടെ ഭാര്യയ്ക്ക് നിധി കിട്ടിയോ എന്ന് അമ്പരക്കുക വരെ ചെയ്‌തു അവരിൽ ചിലർ. കൃഷ്ണമ്മാൾക്ക് അതിനു മുൻപ് അധികം ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഈ ആടയാഭരണങ്ങൾ എവിടെനിന്നു ലഭിച്ചെന്നായിരുന്നു നാട്ടുകാരുടെ സംശയം. അതോടുകൂടി പ്രതിഷേധം ശക്തമാവുകയായിരുന്നു. പിന്നീട് നടന്നതെല്ലാം മുകളിൽ വിവരിച്ചു കഴിഞ്ഞു.

പ്രതികൾക്ക് ജാമ്യം

കേസിലെ പ്രതികൾക്കു ശിക്ഷവിധിച്ച കോടതി, പ്രതികൾക്കു ജാമ്യവും നൽകി. മറ്റൊരു കേസിൽ ജയിലിൽക്കഴിയുന്ന ഒരാളൊഴിച്ച് 22 പേർക്കാണ് പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ജാമ്യമനുവദിച്ചത്.