forest

ചെമ്പൻകാലയിലെ ഓണത്തിന് ഇക്കുറി നിറം കുറവാണ്. ചെമ്പൻകാലയിലെ കാണി വിഭാഗത്തിൽ പെട്ട കുടുംബാംഗങ്ങൾ വന്യജീവികളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണ്. പണ്ടുകാലത്തും വന്യജീവികൾ ഇവിടെയുണ്ടായിരുന്നെങ്കിലും കൃഷി വ്യാപകമായി നശിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. കാട്ടുപന്നി, മ്ളാവ്, കാട്ടുപോത്ത് തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നത്. കൃഷി നടത്തി ജീവിക്കാൻ കഴിയാതായതോടെ ഇപ്പോൾ മറ്റു ജോലികൾക്കായി പോവുകയാണ് ഇവർ.

കാട്ടിൽ ആഹാരസാധനങ്ങൾക്ക് ക്ഷാമമുണ്ടായതോടെയാണ് വന്യമൃഗങ്ങൾ കൃഷിസ്ഥലത്തേയ്ക്ക് ഇറങ്ങുന്നത് പതിവാക്കിയത്. നെല്ല്, മരച്ചീനി തുടങ്ങിയ കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ ഇപ്പോൾ കൃഷിയൊക്കെ മതിയാക്കി സർക്കാർ നൽകുന്ന റേഷനരി വാങ്ങിയാണ് കഴിയുന്നത്. കാടിനുള്ളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഇവരെ വിഷമിപ്പിക്കുന്നത് സ്വന്തമായി കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.