onam-bumber-

പാലക്കാട് : ഏറെ സവിശേഷതയുള്ളതായിരുന്നു ഇക്കുറി സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പറിന്റെ ഫലം. ചരിത്രത്തിലാദ്യമായി പന്ത്രണ്ട് കോടിയുടെ ബമ്പർ ടിക്കറ്റ് ആറു പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറു പേർ ചേർന്നെടുത്ത രണ്ട് ലോട്ടറികളിൽ ഒന്നിനാണ് ഒന്നാം സമ്മാനമടിച്ചത്. ഇതോടെ മാദ്ധ്യമങ്ങളുടേയും സമൂഹത്തിന്റെയും ശ്രദ്ധ ഇവരിലേക്കായി. എന്നാൽ ഓണം ബംബറിന്റെ രണ്ടാം സമ്മാനമായ അമ്പത് ലക്ഷത്തിന് ഇനിയും അവകാശികളെത്തിയില്ല. അമ്പത് ലക്ഷം വീതം പത്തുപേർക്കാണ് രണ്ടാം സമ്മാനം. ഇതിൽ മൂന്ന് പേർ ഇതുവരെയും സമ്മാനത്തിന് അവകാശവാദമുന്നയിച്ച് ടിക്കറ്റുമായി എത്തിയിട്ടില്ല. പാലക്കാട് ജില്ലയിൽ നിന്നും വിറ്റുപോയ ടിക്കറ്റുകളാണ് ഇവ. പാലക്കാട് ടൗണിലെ കിംഗ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ രണ്ട് ടിക്കറ്റുകൾക്കും ഹരിത ലോട്ടറി വിറ്റ ഒരെണ്ണത്തിലുമാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. ലോട്ടറിയുമായി മൂന്ന് ഭാഗ്യവാൻമാർ വരുമെന്ന് കരുതി കാത്തിരിക്കുകയാണ് ഇവർ.