കാസർകോട്: കിഫ്ബിക്ക് കീഴിലെ കെ.എസ്.ഇ.ബി പദ്ധതിയായ ട്രാൻസ്ഗ്രിഡിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിലവിലെ തുക മാറ്റി 65 ശതമാനത്തോളം തുക ഉയർത്തി നിശ്ചയിച്ചത് ആരുടെ അനുമതിയോടെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണമിടപാടിലെ കള്ളക്കളികൾ പുറത്തുവരാതിരിക്കാനാണ് ഓഡിറ്റിംഗ് നിഷേധിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നിർമാണ ചുമതല ചീഫ് എൻജിനീയർക്ക് മാത്രം നൽകിയതിൽ ദുരൂഹതയുണ്ടെന്നും സ്റ്റെർലെെറ്റും ചീഫ് എൻജിനീയറും തമ്മിലുള്ള ബന്ധം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രത്യേക നിരക്ക് തീരുമാനിച്ചത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെെദ്യുതമന്ത്രിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് പിന്നിൽ തീവെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കള്ളം കയ്യോടെ പിടിച്ചതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വ്യക്തമാക്കി.