അമേരിക്കയിലെ ഹൂസ്റ്റണിൽ ഭാരതീയ പ്രവാസി സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് ആഘോഷിക്കുകയാണ്. ഒപ്പം അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഇരുപക്ഷവും ചേരുന്നു. റിപ്പബ്ളിക്കൻ പക്ഷക്കാരനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രറ്റുകളുടെ നേതൃനിരയിലെ രണ്ടാമനായ അമേരിക്കൻ കോൺഗ്രസിലെ പ്രമുഖ സാമാജികൻ സ്റ്റെനി ഹോയറും അവിടെയെത്തും. ഡെമോക്രാറ്റിക് പക്ഷത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ തുൾസി ഗബ്ബാർഡ് നേരിട്ടു പങ്കെടുക്കുന്നില്ലെങ്കിലും മോദിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അമ്പതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്ത പരിപാടിയിൽ ജനനേതാക്കളായ കോൺഗ്രസ് അംഗങ്ങൾ, സെനറ്റംഗങ്ങൾ, ന്യായാധിപന്മാർ, വ്യവസായ പ്രമുഖർ, തുടങ്ങിയവരുടെ വലിയ സാന്നിദ്ധ്യം ഉണ്ടാകും.
ഇന്ത്യയുമായുള്ള ആരോഗ്യകരമായ ബന്ധം അമേരിക്കയുടെ ആഗോള താത്പര്യങ്ങൾക്ക് അനിവാര്യമാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും ഒന്നിച്ചു നിന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ആണവയുദ്ധ സാദ്ധ്യതയ്ക്ക് അറുതി വരുത്താനും ആണവ ആയുധക്കോപ്പുകളുടെ എണ്ണം കുറച്ച് ലോകസമാധാനത്തിന് വഴിയൊരുക്കാനും ആഗോളവളർച്ച, സാമ്പത്തികവികസന സാദ്ധ്യത, ശാസ്ത്രസാങ്കേതിക മേഖലകളുടെ വളർച്ച, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കാനും ഭീകരവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും സാധിക്കുമെന്ന് അമേരിക്കയ്ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒന്നിച്ച് സ്വീകരിക്കാൻ അണിനിരക്കുന്നത് ഉദാത്തമായ ജനാധിപത്യ രീതിയെയല്ലേ പ്രകടമാക്കുന്നത്. പക്വതയെത്തിയ ആ ജനാധിപത്യ സമീപനം സ്വന്തമാക്കാൻ ഇന്ത്യ ഇനിയെത്ര കാലം കാത്തിരിക്കണം? രാഷ്ട്രത്തിന്റെ പൊതുലക്ഷ്യങ്ങളോടും പൊതുതാത്പര്യങ്ങളോടും പ്രതിബദ്ധതയുള്ള വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്ന് അത്തരം സഹകരണം പ്രതീക്ഷിക്കാം. നരേന്ദ്രമോദിയെന്ന രാഷ്ട്രീയ നേതാവിന് ലഭിക്കാനിടയുള്ള സ്വീകാര്യതയെ ഭയക്കുന്നവരിൽ നിന്ന് പക്വതയുള്ള സമീപനം ഉണ്ടാകാനിടയില്ല. ഇക്കാര്യത്തിൽ ഏതായാലും ഡോ. ശശിതരൂർ നടത്തിയ പ്രതികരണം അവരെ നേർവഴി കാട്ടിയാൽ മതിയായിരുന്നു. 'ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടാണ് നരേന്ദ്രമോദി പോകുന്നതെന്നും 'എന്റെ' രാജ്യത്തിന്റെ പതാകയേന്തിയാണ് മോദി പോകുന്നതെന്നും 'എന്റെ' രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അർഹിക്കുന്ന അംഗീകാരവും സ്വീകരണവും ലഭിക്കണമെന്നും തരൂർ പറഞ്ഞത് കക്ഷിരാഷ്ട്രീയ താത്പര്യം നോക്കി അഭിപ്രായം പറയുന്നവരെ തിരുത്താനാണെന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നു. പിന്നാലെ ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രസംഗിക്കാൻ പോകുമ്പോൾ ബാലക്കോട്ട് സൈനികനടപടിയുടെ കാര്യത്തിൽ തെളിവു ചോദിച്ചുകൊണ്ട് തരൂർ തന്നെ ഇംമ്രാൻഖാനെ സഹായിക്കാനിറങ്ങുന്നതു കാണാനുള്ള ഗതികേടുണ്ടായത് ഭാരതത്തിന്റെ ദൗർഭാഗ്യം!
ആരോഗ്യകരമായ ജനാധിപത്യ പ്രവണതകളാണ് ദേശീയ പ്രശ്നങ്ങളിൽ നടക്കേണ്ട വാദങ്ങളും പ്രതിവാദങ്ങളും. പക്ഷേ അതിർത്തിക്കപ്പുറം നാം ഒരു ജനതയായി വേണം പ്രത്യക്ഷപ്പെടാൻ. അന്താരാഷ്ട്ര വേദികളിൽ പ്രധാനമന്ത്രിയോ ഭാരതത്തെ പ്രതിനിധീകരിക്കുന്നവരോ എത്തുമ്പോൾ രാജ്യത്തിനുള്ളിൽ നിന്ന് വിമതശബ്ദമുയർത്തി കളം തകർക്കരുത്.
ഈ യാത്രയിൽത്തന്നെ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കർമ്മപദ്ധതി സംബന്ധിച്ചുള്ള ഉച്ചകോടിയിൽ സംസാരിക്കും. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗട്ട്റസ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം പാരീസ് അജൻഡയുടെ നിർവഹണത്തിന്റെ ഗതിവേഗം കൂട്ടുകയാണ്. അക്കാര്യത്തിൽ ഡൊണാൾഡ് ട്രംപിൽ നിന്ന് വ്യത്യസ്തമായ നിലപാടെടുത്ത് ശ്രദ്ധേയനായ നരേന്ദ്രമോദിയുടെ സ്വീകാര്യത ലോകത്തു വർദ്ധിക്കുന്നതിൽ ഇന്ത്യ അഭിമാനിക്കണം.
തൊട്ടടുത്ത ദിവസം ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ ചേംബറിൽ മഹാത്മജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷമാണ്. ആധുനിക ലോകത്ത് ഗാന്ധിജിയുടെ പ്രസക്തിയാണവിടെ ചർച്ച ചെയ്യപ്പെടുക. അതിലൂടെ പുതിയ ലോകക്രമത്തിന് രൂപം നൽകുമ്പോൾ ഭാരതീയ വീക്ഷണത്തിന്റെ ദർശന തലത്തിലേക്ക് മാനവസമൂഹത്തെയാകെ ഉയർത്താനുള്ള ഉദ്യമമാണ് മോദി ഭരണകൂടത്തിന്റേത്. അക്കാര്യത്തിൽ കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്ക് പുറത്തേക്ക് വന്ന് പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് ശക്തി നൽകുകയല്ലേ ഓരോ ഭാരതീയന്റെയും ചുമതല? അതിനടുത്ത ദിവസം ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ പ്രധാനമന്ത്രിക്ക് 2019 ലെ ഗ്ലോബൽ ഗോൾ കീപ്പർ അവാർഡ് നൽകുകയാണ്. പാരിസ്ഥിതികവും ശുചിത്വ സംബന്ധവുമായുള്ള പ്രശ്നങ്ങളെ നേരിടുന്നതിന് ലോകത്തിന് വഴികാട്ടിയാകുന്ന തലത്തിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി ഉയരുന്നത് ഭാരതം ഒന്നായി അഭിമാനിക്കാനുള്ള അവസരമല്ലേ? പ്രധാനമന്ത്രി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ രണ്ടു ദൗത്യമാണ് നിർവഹിക്കാൻ പോകുന്നത്. പുതുലോകസൃഷ്ടിയിൽ ഭാരതത്തിന്റെ വീക്ഷണം സ്പഷ്ടമാക്കണം. ഭാരതവിരുദ്ധ ശ്രമങ്ങളുമായി നിരന്തരം അവിടെയെത്തുന്ന പാക്കിസ്ഥാനെ നിലയ്ക്ക് നിറുത്തണം. പ്രധാനമന്ത്രിക്ക് അതിനു വേണ്ട പ്രാഗല്ഭ്യമുണ്ട്, പ്രഭാവവുമുണ്ട്. പക്ഷേ പൂർത്തീകരിക്കേണ്ടത് വലിയൊരു ദൗത്യമാണ്.
വലിയ ദൗത്യങ്ങൾ എങ്ങനെ നിർവഹിക്കണമെന്ന് പ്രധാനമന്ത്രി ചന്ദ്രയാൻദൗത്യ സമയത്ത് സംവദിച്ച വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു. വലിയ ദൗത്യത്തെ ചെറിയ ഘടകങ്ങളായി തിരിച്ച് ഓരോരുത്തരുടെയും കഴിവനുസരിച്ച് ഏൽപ്പിക്കണം. ഓരോരുത്തരും ഏൽപ്പിച്ച ജോലി ചെയ്തു തീർക്കുമ്പോഴുണ്ടാകുന്ന നേട്ടങ്ങൾ കൂട്ടിയോജിപ്പിച്ചു പോകണം. കോട്ടങ്ങളെ അവഗണിച്ചു കൊള്ളുക. ചെറിയ നേട്ടങ്ങൾ കൂട്ടി യോജിപ്പിക്കുമ്പോൾ വലിയ നേട്ടങ്ങൾ വഴിയേ പ്രകടമാകും. ദേശീയതലത്തിലും അന്തർദേശീയതലത്തിലും പുതിയ ഉയരങ്ങളിലേക്ക് ഓടിക്കയറാനുള്ള ഭാരതത്തിന്റെ ലക്ഷ്യവും ഇതേ വഴിയിലൂടെ തന്നെ സാദ്ധ്യമാകും. അതിന് ഒന്നിച്ച് നിൽക്കുന്നതാണ് ഉചിതം.
അന്തർദ്ദേശീയ രംഗത്ത് ഒന്നിച്ചു നിന്ന് നടത്തുന്ന പരിശ്രമങ്ങളിലൂടെ രാഷ്ട്രം സ്വന്തമാക്കുന്ന നേട്ടങ്ങൾ ഭാരതത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള സ്ഥിരം നിക്ഷേപങ്ങളാകും. ദേശീയ പ്രശ്നങ്ങളിൽ എതിർക്കേണ്ടിടത്ത് എതിർത്തോ, കൂടുതൽ പ്രയോഗക്ഷമതയുള്ള മാതൃകകൾ വാഗ്ദാനം ചെയ്തോ, ആദർശപരമായ ബദലുകൾ പരിചയപ്പെടുത്തിയോ, ഭരണപക്ഷമായി മാറുന്നതിനുള്ള സാദ്ധ്യത പ്രതിപക്ഷത്തിന് ഉണ്ടെന്നുള്ളതാണ് ജനാധിപത്യത്തിന്റെ ഭംഗി. അങ്ങനെയൊരു അവസരം ലഭിച്ചാൽ പ്രതിപക്ഷത്തിരിക്കുമ്പോൾ അവർ കൂടി യോജിച്ചു നിന്ന് ആഗോളതലത്തിൽ രാജ്യം നേടിയെടുക്കുന്ന നിർണായകസ്ഥാനം, ഭരണപക്ഷമായി മാറിക്കഴിയുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് ചാലകശക്തിയായി മാറുമെന്നതും അവഗണിക്കാൻ പാടില്ലാത്ത സാദ്ധ്യതയാണ്.
(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വ്യക്തിപരം. 9497450866. kvrajasekharan@yahoo.co.in )