kodiyeri-balakrishnan

പാലാ: കിഫ്ബിക്ക് കീഴിലുള്ള കെ.എസ്.ഇ.ബി പദ്ധതിയായ ട്രാൻസ്ഗ്രിഡിൽ വൻ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇലക്ട്രിസിറ്റി ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ എഴുതികൊടുത്ത കാര്യങ്ങൾ അതേപടി ഏറ്റുപറയുകയാണ് ചെന്നിത്തലയെന്നും അതിനുമുൻപ് ഉത്തരവാദിത്തപ്പെട്ട ഒരു നേതാവെന്ന നിലയിൽ അദ്ദേഹം അക്കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടിയിരുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫ് വെളിച്ചമെത്തിക്കുമ്പോൾ അത് യു.ഡി.എഫിന്റെ അടിത്തറ തകർക്കും. അത് മനസിലാക്കികൊണ്ടാണ് ഈ പദ്ധതി തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. യു.ഡി.എഫിന്റെ ഭരണകാലത്ത് പദ്ധതികൾക്കായി നൽകിയ തുകയും ഈ പദ്ധതിയ്ക്കായി നൽകിയ തുകയും തമ്മിൽ അദ്ദേഹം ഒന്ന് താരതമ്യം ചെയ്യട്ടേയെന്നും ട്രാൻസ്ഗ്രിഡ് പോലുള്ള പദ്ധതിക്കായി 90 ശതമാനം വരെ തുക അധികമായി യു.ഡി.എഫ് കാലത്ത് നൽകിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

കേരളത്തെ സംബന്ധിച്ചിടത്തോളം കിഫ്‌ബി പദ്ധതി ഭാവി വികസനത്തിന് വേണ്ടിയുള്ളതാണെന്നും കിഫ്‌ബി ആകാശകുസുമമല്ലെന്നും അത് യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവി ഇടതുപക്ഷത്തിന്റേതാണ് എന്ന് മനസിലാക്കിയപ്പോഴുള്ള വെപ്രാളമാണ് രമേശ് ചെന്നിത്തലയ്ക്കെന്നും കോടിയേരി പരിഹസിച്ചു.

കിഫ്ബിക്ക് കീഴിലെ കെ.എസ്.ഇ.ബി പദ്ധതിയായ ട്രാൻസ്ഗ്രിഡിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നിലവിലെ തുക മാറ്റി 65 ശതമാനത്തോളം തുക ഉയർത്തി നിശ്ചയിച്ചത് ആരുടെ അനുമതിയോടെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പണമിടപാടിലെ കള്ളക്കളികൾ പുറത്തുവരാതിരിക്കാനാണ് ഓഡിറ്റിംഗ് നിഷേധിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ട്രാൻസ്ഗ്രിഡ‌് ആരോപണം തള്ളി വൈദ്യുതി ബോർഡ് ആക്ഷേപങ്ങൾ ഉയർന്നതിന്റെ പേരിലല്ല പദ്ധതി രണ്ടു ഘട്ടമായി നടപ്പാക്കുന്നതെന്ന് വൈദ്യുതി ബോ‌ർഡ് പത്രക്കുറിപ്പിൽ വിശദീകരിച്ചിരുന്നു.