1. കോട്ടയം ലൈന്‍സ് പദ്ധതി, കുന്നത്തുനാട് ലൈന്‍സ് പദ്ധതി എന്നിവയ്ക്കായി മാനദണ്ഡങ്ങള്‍ പാലിക്കാതെ വൈദ്യുതി കൊണ്ടു വരുന്നതിനുള്ള ട്രാന്‍സ്ഗ്രിഡില്‍ വലിയ അഴിമതി നടന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരൂഹമായ ഇടപാടുകളാണ് ഈ പദ്ധതികളില്‍ നടന്നിരിക്കുന്നത്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ നിര്‍മ്മാണ ചുമതല ചീഫ് എന്‍ജിനീയര്‍ക്ക് മാത്രം നല്‍കിയതില്‍ ദുരൂഹത
2. സ്റ്റെര്‍ലൈറ്റും ചീഫ് എന്‍ജിനീയറും തമ്മിലുള്ള ബന്ധം ദുരൂഹം. കിഫ്ബി വൈദ്യുതി പദ്ധതി തട്ടിപ്പിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആണിത്. നിലവിലെ റേറ്റ് മാറ്റി സ്‌പെഷ്യല്‍ റേറ്റ് ഉണ്ടാക്കി അതില്‍ ഇളവ് നല്‍കി. പ്രത്യേക നിരക്ക് നിശ്ചയിച്ചത് ആരെന്ന് വ്യക്തമാക്കണം. കിഫ്ബിയില്‍ സത്യസന്ധവും ഭരണഘടനാ പരവുമായ ഓഡിറ്റ് അനിവാര്യം എന്നും ചെന്നിത്തല. മുഖ്യമന്ത്രി ലാവ്ലിന്‍ കേസിന്റെ അങ്കലാപ്പില്‍ എന്നും കൂട്ടിച്ചേര്‍ക്കല്‍
3. കണ്ണൂര്‍ രാജ്യാന്തര വിമാന താവളക്കമ്പനിയില്‍ സി.എ.ജി ഓഡിറ്റ് വേണ്ടെന്നു വച്ചത് നിയമ സെക്രട്ടറിയുടെ ഉപദേശം അവഗണിച്ച്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നിയമ സെക്രട്ടറിയുടെ നിലപാട് സര്‍ക്കാര്‍ തള്ളിയത്. കമ്പനികാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറിന് വിരുദ്ധമാണ് സി.എ.ഇ റിപ്പോര്‍ട്ട് ഒഴിവാക്കിയ നടപടി. സര്‍ക്കാര്‍ ഓഹരിക്കൊപ്പം പൊതു മേഖല സ്ഥാപനളുടേതും കണക്കാക്കണം എന്നായിരുന്നു നിയമോപദേശം. കഴിഞ്ഞ വര്‍ഷമായിരുന്നു നിയമ സെക്രട്ടറി നിയമോപദേശം നല്‍കിയത്. 2017 വരെ കിയാല്‍ സി.എ.ജി ഓഡിറ്റിന് വിധേയമായിരുന്നു. പുതിയ കമ്പനി നിയമം അനുസരിച്ച് 51 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനികളില്‍ സി.എ.ജി ഓഡിറ്റ് വേണം. എന്നാല്‍ കിയാലില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഓഹരി 33 ശതമാനമാണ്. അതിനാല്‍ ഓഡിറ്റ് വേണ്ട എന്ന് എ.ജി നിയമോപദേശം നല്‍കുക ആയിരുന്നു.
4. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12ന് ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. ഒകേ്ടാബര്‍ 27ന് ആണ് ഹരിയാന മന്ത്രി സഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റേത് നവംബര്‍ ആദ്യവാരവും. ഹരിയാനയില്‍ ഒറ്റ ഘട്ടമായും മഹാരാഷ്ട്രയില്‍ രണ്ടു ഘട്ടങ്ങളിലായും ആകും തിരഞ്ഞെടുപ്പ് നടക്കുക എന്നാണ് വിവരം. കേരളത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കാനും സാധ്യത
5. തീയതികള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി മഹാരാഷ്ട്ര. രാജ്യ സുരക്ഷയും ദേശീയതയും തിരഞ്ഞെടുപ്പ് അജണ്ട ആക്കാനാണ് ബി.ജെ.പി ശ്രമം. മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കില്‍ നിലം തെറ്റി നില്‍ക്കുക ആണ് കോണ്‍ഗ്രസും എന്‍.സി.പിയും. തുല്യ സീറ്റുകള്‍ക്കായി ബി.ജെ.പിയുമായി അവസാനവട്ട വില പേശലിലാണ് ശിവസേന. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ സംസ്ഥാന പര്യടനത്തിന്റെ സമാപനത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി നയം വ്യക്തമക്കി കഴിഞ്ഞു. കശ്മീരും രാജ്യ സുരക്ഷയും സൈനിക നീക്കങ്ങളും തന്നെയാണ് മഹാരാഷ്ട്രീയത്തിലും ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയങ്ങള്‍
6 മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ആയിരുന്നു വിജയയുടെ രാജി. ചീഫ് ജസ്റ്റിസിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു എന്ന് സ്ഥീരീകരിച്ച് രാവിലെ കേന്ദ്ര നിയമ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജായ വിനീത് കോത്താരിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു.
7. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളീജിയമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിയും, മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ.കെ മിത്തലിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാക്കി കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലംമാറ്റം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ സമീപിച്ചിരുന്നു എങ്കിലും ഈ ആവശ്യം കൊളീജിയം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 6ന് വിജയ രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കുന്നത്.
8. പാലാ ഉപ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിപ്പിച്ചു എങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ഥികള്‍. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും. ഒരിക്കല്‍ കൂടി വീടുകളില്‍ കയറി വോട്ട് ഉറപ്പിക്കാനാവും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രമം. എല്ലായിടത്തും ഓടിയെത്തി എന്ന ആത്മവിശ്വാസത്തില്‍ ആണ് സ്ഥാനാര്‍ത്ഥികള്‍.
9. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിയും ഇന്ന് പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കും .ഒപ്പം അവസാനവട്ട വിലയിരുത്തലുകളും നടത്തും. ആദ്യ ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, ജോസഫ് പക്ഷങ്ങള്‍ തമ്മിലടിച്ചെങ്കിലും അവസാനം എല്ലാം പരിഹരിച്ച് വിജയം ഉറപ്പിച്ചു എന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം. മറുപക്ഷത്ത് പാലയുടെ ചരിത്രം തിരുത്തി വിജയത്തിലേക്ക് നീങ്ങുമെന്ന ആത്മ വിശ്വാസത്തില്‍ ആണ് എല്‍.ഡി.എഫ്. ശബരിമല ഒരിക്കല്‍ കൂടി വോട്ടായാല്‍ അത്ഭുതങ്ങള്‍ കാട്ടാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പിയും.
10. ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയില്‍ എത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പങ്കെടുക്കും. 27 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയെ മോദി അഭിസംബോധന ചെയ്യും. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയന്‍ രാജ്യങ്ങളുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്‍ച്ചയാണ് മോദിയുടെ ആദ്യ പരിപാടി.