robopriest

ലണ്ടൻ: ക്രൈസ്‌തവ സഭയിൽ ലെെംഗികാതിക്രമങ്ങൾ കുറയ്‌ക്കാൻ വൈദികർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാമെന്ന് കന്യാസ്ത്രീ. റോബോട്ട് വൈദികർ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. റോബോട്ടുകൾ ലിംഗസമത്വം പാലിക്കുമെന്നുമാണ് കന്യാസ്ത്രീയുടെ ഭാഗം. വില്ലനോവ സർവകലാശാലയിൽ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ഫ്രാൻസിസ്‌കൻ സഭാംഗം ഡോ ഇലിയ ദെലിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രൈസ്‌തവ സഭയെ പുരുഷാധിപത്യ സമൂഹമാക്കി വൈദികർ മാറ്റിയെന്നും കൃത്രിമ ബുദ്ധിയിലൂടെ ഇതിന് പരിഹാരം കണ്ടെത്താമെന്നും അവർ പറഞ്ഞു. "കത്തോലിക്കാ സഭയുടെ കാര്യമെടുക്കൂ. അതിൽ പുരുഷനാണ് മേൽക്കോയ്മ. പുരുഷാധിപത്യം ശക്തമാണ്, അതോടൊപ്പം ലൈംഗികാതിക്രമങ്ങൾ മൂലമുള്ള പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് എനിക്കൊരു ഒരു റോബോട്ട് വൈദികൻ വേണോ? ആകാം," ഇലിയ പറഞ്ഞു. എന്നാൽ, ഇതിനെതിരെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. റോബോട്ടുകൾക്ക് ധാരണാശക്തിയും മനശക്തിയും ഇല്ലാത്തതിനാൽ ദൈവകൃപ ലഭിക്കില്ലെന്ന് സിസ്റ്റർ മേരി ക്രിസ്റ്റ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ആത്മീയതയും പരസ്പര സഹവർത്തിത്ത്വവും അനുഗ്രഹീതമായ മനസിൽ നിന്നുണ്ടാവുന്നതാണെന്നാണ് കത്തോലിക്കാ വിശ്വാസമെന്നും അവർ പറഞ്ഞു. റോബോട്ടുകളെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യർ ഭയക്കേണ്ടതില്ലെന്നും അവരെ പങ്കാളികളായി കണ്ടാൽ മതിയെന്നും ദെലിയോ കൂട്ടിച്ചേർത്തു. ജപ്പാനിൽ ബുദ്ധ വിഭാഗത്തിന്റെ ചടങ്ങുകളിൽ റോബോട്ടുകൾ സംസ്‌കാര കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചത് വലിയ വാർത്തയായതിന് പിന്നാലെയാണ് ഈ ആവശ്യവും ഉയർന്നിരിക്കുന്നത്.