ഇസ്താൻബുൾ നഗരത്തിന്റെ ഒത്ത നടുക്കുള്ള ഒരു കെട്ടിടത്തിന്റെ ചുമരുകൾ നിറയെ സ്ത്രീകളുടെ സ്ത്രീകളുടെ ഷൂസുകളാണ്. ഇത് ആർട്ട് ഇൻസ്റ്റലേഷനോ, കലാസൃഷ്ടിയോ അല്ല. തുർക്കിയിലെ ഭർത്താക്കന്മാരും ബന്ധുക്കളും ചേർന്ന് ഗാർഹിക പീഡനത്തിൽ കൊലപ്പെടുത്തിയ സ്ത്രീകളുടെ എണ്ണമാണ് ഈ ഷൂസുകൾ സൂചിപ്പിക്കുന്നത്. ഇതിനെതിരെയുള്ള വ്യത്യസ്തമായ പ്രതിഷേധമാണ് ഈ ചുവരുകളിൽ കാണുന്നത്. 440 ജോഡി ഷൂസുകളാണ് കെട്ടിടത്തിൽ പതിപ്പിച്ചിരിക്കുന്നത്.
തുർക്കിയിലെ പ്രമുഖ കാപ്പി, ചോക്ളേറ്റ് നിർമാണ ബ്രാൻഡാണ് ഈ കണ്ണുതുറപ്പിക്കുന്ന പ്രതിഷേധ രീതിക്ക് പിന്നിൽ. 'തുർക്കിയിലെ ജനങ്ങൾക്കിടയിൽ ഈ മരണങ്ങൾ കടുത്ത ദുഖത്തിനും പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. ഞങ്ങൾ ഇവിടെ സൃഷ്ടിച്ച ഈ പ്രതിഷേധ സൂചകമായ കലാരൂപത്തിൽ ഒരു തരത്തിലുമുള്ള അലങ്കാരങ്ങളോ വെച്ചുകെട്ടലുകളോ ഇല്ല. അതുകൊണ്ടുതന്നെ, ഇത് ജനങ്ങളുമായി നേരിട്ട് സംവേദനം നടത്തുകയും അവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.' ബ്രാൻഡിന്റെ വക്താക്കൾ പറയുന്നു. ഈ വർഷം ഇതുവരെ 285 സ്ത്രീകളാണ് തുർക്കിയിൽ കൊല്ലപ്പെട്ടത്. ജൂലായിൽ 31 പേരും, ആഗസ്റ്റിൽ 48 സ്ത്രീകളും കൊല ചെയ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ ആഴ്ച പോലും 80 വയസുള്ള ഒരു വൃദ്ധയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഒരാളെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 58 കാരനും 2 കുട്ടികളുടെ പിതാവുമായിരുന്നു പൊലീസ് പിടിയിലായ ആൾ. തുർക്കിയിൽ ഏറെ നാളുകളായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ച് വരികയാണ്. അതോടൊപ്പം തന്നെ ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും കൂടി വരുന്നുണ്ട്. ലേഡി ഷൂസുകൾ കൊണ്ടുള്ള തങ്ങളുടെ ഈ പ്രതിഷേധ രീതി ആൾക്കാരുടെ മനോഭാവത്തിൽ മാറ്റങ്ങൾ കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ഇതിന്റെ സൃഷ്ടാക്കൾ.