padamanabha-pond

തിരുവനന്തപുരം: മാരകമായ വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള പായൽ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർഥക്കുളത്തിൽ വളരുന്നതായി കണ്ടെത്തി. 'സ്‌പൈറുലിന പ്ലാടെൻസിസ്' എന്നയിനം നൂൽപ്പായലാണ് കണ്ടെത്തിയിരിക്കുന്നത്. ഉയർന്ന പ്രോട്ടീൻ ഘടകമുള്ള സ്‌പൈറുലിന, മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിനുകൾ, ധാതുക്കൾ, കരോട്ടിൻ എന്നിവയും ഉയർന്നതോതിൽ ഇതിൽ അടങ്ങിയിയിട്ടുണ്ട്. വൈറസ് രോഗങ്ങളുടെ മരുന്ന് നിർമാണത്തിന് സ്പെറുലിനയുടെ സാന്നിധ്യം ഏറെ ഗുണകരമാണ്.

കുട്ടനാട്ടിലെ അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് പായലിന്റെ ഇനം തിരിച്ചറിഞ്ഞത്. ക്ഷേത്രക്കുളത്തിൽ വളരുന്നതിനാൽ രാസപ്രക്രിയയിലൂടെ മാറ്റാൻ പ്രയാസമുണ്ടാകും. പകരം ജൈവരീതിയിൽ പായലിന്റെ വളർച്ച നിയന്ത്രിക്കാനാണ് ശ്രമം. മൂന്നേക്കറോളം വിസ്‌തൃതിയുള്ള പദ്മതീർഥക്കുളത്തിൽ ഈ പായലിന്റെ വളർച്ച അസാധാരണ പ്രതിഭാസമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മറ്റു സൂക്ഷ്മസസ്യങ്ങൾ ചേരാതെ സ്‌പൈറുലിന മാത്രം ലഭിച്ചാൽ വ്യാവസായികമായി നേട്ടമാണ്.