pia

ഇസ്ളാമാബാദ് : ആളില്ലെങ്കിലും സർവീസ് നടത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാന്റെ പൊതുമേഖല വിമാന കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. 2016 - 17 കാലയളവിലാണ് ഇത്തരത്തിൽ ആളില്ലാതെ നാൽപ്പത്തിയാറ് സർവീസുകൾ ഓപ്പറേറ്റ് ചെയ്തത്. ഹജ്ജിനും ഉംറക്കുമായി അധികമായി സർവീസ് നടത്തിയ 36 വിമാനങ്ങളിലും ആളുണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആളില്ലാതെ പറന്ന ഈ സർവീസുകൾ വഴി ഉദ്ദേശം നൂറ്റി എൺപത് മില്യൺ പാകിസ്ഥാനി രൂപയാണ് നഷ്ടമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിപ്പോൾ. ചെലവു ചുരുക്കലിന്റെ ഭാഗമായി ആയിരത്തോളം ജീവനക്കാരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്.