
നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് ജ്യോത്സനയെ വീണ്ടും മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ലൂസിഫറിലെ ത്രസിപ്പിക്കുന്ന ഹിന്ദിഗാനം കേട്ടപ്പോൾ ആരും വിശ്വസിച്ചിട്ടുണ്ടാകില്ല, അത് നമ്മുടെ സ്വന്തം ജ്യോത്സനയുടെ ശബ്ദമാണെന്ന്. പക്ഷേ അപ്പോഴും ജ്യോത്സന നിറഞ്ഞചിരിയോടെ നമുക്കിടയിൽ തന്നെയുണ്ടായിരുന്നു. ആ വിശേഷം ജ്യോത്സന തന്നെ പങ്കുവയ്ക്കട്ടെ.
''ദീപക് ദേവാണ് എന്നെ ലൂസിഫറിലേക്ക് വിളിച്ചത്. ഒരു ഹിന്ദി സോംഗുണ്ട്, ഒന്ന് പാടി നോക്കുന്നോ എന്ന് ചോദിച്ചു. ഹിന്ദി പാട്ടായതുകൊണ്ട് ഏതെങ്കിലും ബോളിവുഡ് ഗായകരെ കൊണ്ട് പാടിപ്പിക്കാനായിരുന്നു പ്ലാൻ. ദീപക്കാണ് പറഞ്ഞത് എനിക്ക് ഹിന്ദി നന്നായറിയാമെന്ന്. അങ്ങനെ പാടി നോക്കി, അത് ഭാഗ്യത്തിന് പൃഥ്വിക്കും മുരളിയേട്ടനുമൊക്കെ ഇഷ്ടമായി. എന്നാലും ചെറിയൊരു കൺഫ്യൂഷനുണ്ടായിരുന്നു. എന്റെ വോയിസ് മതിയോ അതോ ഹിന്ദി ഗായകരെ കൊണ്ട് പാടിപ്പിക്കുന്നതാണോ നല്ലതെന്ന്. പിന്നെയവർ വരികൾ മാറ്റി ഒന്നുകൂടി പാടിപ്പിച്ചു. അപ്പോഴും അവർക്ക് ഇഷ്ടമായി. അങ്ങനെയാണ് ലൂസിഫറിലെ ഐറ്റം സോംഗ് പാടുന്നത്. ഹിന്ദി എനിക്ക് പൊതുവെ വളരെ കംഫർട്ടബിളായ ലാംഗ്വേജായിരുന്നതു കൊണ്ട് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ഞാൻ പഠിച്ചതൊക്കെ പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ധാരാളം നോർത്തിന്ത്യൻ ഫ്രണ്ട്സ് ഉണ്ട്. പിന്നെ ഹിന്ദി പാട്ടുകൾ കേൾക്കും, സിനിമകൾ കാണും. അതുകൊണ്ട് പാടുമ്പോൾ ഭാഷ എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല. "
അന്നുമിന്നും ഞാൻ മലയാളി
വിദേശത്താണ് പഠിച്ചതെങ്കിലും നാടാണ് എനിക്ക് പ്രിയപ്പെട്ടത്. പക്ഷേ അവിടെയും വളരെ മലയാളിത്തമുള്ള ഒരു അന്തരീക്ഷത്തിലാണ് വളർന്നത്. വീട്ടിൽ മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത്. ഗൾഫിനെ സംബന്ധിച്ച് അറിയാമല്ലോ ധാരാളം മലയാളികൾ ഉള്ള നാടാണ്, അതുകൊണ്ട് മലയാളി അസോസിയേഷനുകളുമുണ്ട്. അവർ ഓണം, വിഷു എല്ലാം ഗംഭീരമായി ആഘോഷിക്കാറുണ്ട്. പിന്നെ മലയാളം വായിക്കാനും എഴുതാനുമറിയാം. സമ്മർ വെക്കേഷൻ അവിടെ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ്. എല്ലാവർഷവും നാട്ടിൽ വരാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കളും കസിൻസുമായി നല്ല ബന്ധം സൂക്ഷിക്കാൻ പറ്റി. എന്നെ സംബന്ധിച്ച് നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നൊരു ഫീലും ഉണ്ടായിരുന്നില്ല. പിന്നെ ഇവിടെയുള്ളതുപോലെ യുവജനോത്സവങ്ങളൊന്നും അവിടെയില്ല.എങ്കിലും മത്സരങ്ങൾ ഉണ്ടായിരുന്നു. എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവയെല്ലാം കരിയറിനെ സ്വാധീനിച്ചിട്ടുമുണ്ട്. ഒരുപാട് ആളുകളുടെ മുന്നിൽ നിന്ന് പാടാനൊക്കെ ധൈര്യം കിട്ടിയത് അന്നത്തെ മത്സരങ്ങളിലൂടെയാണ്.
ആ നിമിഷങ്ങൾ മറക്കില്ല
ഒരു ഗായിക എന്ന നിലയിൽ ഏറ്റവും കൂടുതൽ സംതൃപ്തി തോന്നിയത് ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയ നിമിഷം തന്നെയാണ്. 2002ലാണ് ഞാൻ പാടിത്തുടങ്ങുന്നത്. ഇപ്പോൾ 17 വർഷമായി. ഈയൊരു കാലയളവിൽ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു നല്ല പാട്ട് പാടാൻ കിട്ടുക എന്നത് ഒരു സിംഗറിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ സംതൃപ്തി കിട്ടുന്ന നിമിഷമാണ്. നമ്മൾ ഇഷ്ടപ്പെടുന്ന നമ്മുടെ സ്റ്റൈലിലുള്ള ഒരു പാട്ട് പാടാൻ കിട്ടുന്ന ഒരവസരം. അതുപോലെ തന്നെ ലൈവ് ഷോകൾ ചെയ്യുന്ന ഒരാളെന്ന നിലയിൽ നല്ല റെസ് പോൺസുള്ള ഓഡിയൻസിനെ ലഭിക്കുകയും അവരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുന്നത് സന്തോഷമാണ്. ഒരു അവാർഡ് കിട്ടുന്നതിനേക്കാൾ നമ്മുടെ പ്രേക്ഷകരിൽ നിന്ന് നല്ലൊരഭിപ്രായം കിട്ടുന്നതാണ് വളരെയധികം സംതൃപ്തി നൽകുന്നത്.
പതിനേഴ് വർഷങ്ങൾ പഠിപ്പിച്ചത്
ജീവിതത്തിൽ ഞാനെടുത്തിരുന്ന തീരുമാനങ്ങളിലുള്ള വ്യത്യാസങ്ങൾ, ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ഒക്കെ ഈ പതിനേഴ് വർഷങ്ങൾ കൊണ്ട് എനിക്ക് തിരിച്ചറിയാനായി. ഒരിക്കലും കാണാൻ കഴിയില്ലെന്നു വിചാരിച്ച മഹാന്മാരെ നേരിട്ടുകാണാനും ഇടപഴകാനും സാധിച്ചു. ഇതെല്ലാം വളരെയധികം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. വിഷമിപ്പിക്കുന്ന അനുഭവങ്ങൾ അധികമുണ്ടായിട്ടില്ല. ഉള്ളതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നുമില്ല. സന്തോഷകരമായി തന്നെയാണ് പോകുന്നത്. ഇനിയും ആ സന്തോഷം എന്നും കൂടെയുണ്ടാകണമേയെന്നാണ് പ്രാർത്ഥന.
കഴിവുള്ളവർ മുന്നോട്ട് വരട്ടെ
സിനിമയ്ക്കുമപ്പുറം വലിയൊരു ലോകമുണ്ട് സംഗീതത്തിന്. ഒരുപാട് നല്ല ആർട്ടിസ്റ്റുകൾ ഉണ്ട്. പക്ഷേ സിനിമാസംഗീതം ഇന്ന് നമ്മുടെ കൾച്ചറിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ഒരു സിനിമയിൽ പാടിയാൽ മാത്രമേ ഒരു ആർട്ടിസ്റ്റിന് വിജയമുള്ളൂവെന്ന് കരുതുന്ന ആളുകളാണ് കൂടുതലും. എല്ലാവരുമല്ല പക്ഷേ കൂടുതലും അങ്ങനെയുള്ളവരാണ്. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ സിനിമയിൽ പാടുന്ന ഒരു വ്യക്തിയാണെങ്കിലും ഇൻഡിപ്പെൻഡന്റ് മ്യൂസിക്കിനുവേണ്ടി വർക്ക് ചെയ്യുന്ന ഒരാളുകൂടിയാണ്. 'കൃഷ്ണ ദ എറ്റേണൽ" എന്ന ഒരു ആൽബവും 'ഇനി വരുമോ" എന്നൊരു ആൽബവും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള വർക്കുകൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ നമ്മുടെ ഓഡിയൻസ് അവരുടെ ലിസണിംഗ് കുറച്ചുകൂടി വികസിപ്പിക്കണം. സിനിമയ്ക്ക് വെളിയിലുള്ള സംഗീതത്തെപ്പറ്റി അറിയാൻ ശ്രമിക്കണം. എനിക്ക് തോന്നുന്നു ഇപ്പോൾ അതിൽ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. യുവാക്കൾ ഇപ്പോൾ അങ്ങനെയുള്ള ആർട്ടിസ്റ്റുകളെ ശ്രദ്ധിക്കാറുണ്ട്. തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരിലക്ഷ്മി തുടങ്ങിയവരൊക്കെ ഇൻഡിപ്പെൻഡന്റ് മ്യൂസിക് ചെയ്യുന്നുണ്ട്. അവർക്കൊക്കെ ഇപ്പോൾ കുറച്ചുകൂടി ഫോളോവേഴ്സ് ഉണ്ട്. പക്ഷേ അത് കുറച്ചുകൂടി ജനങ്ങളിലേക്ക് എത്തണം. ഇത്രയും കഴിവുള്ള കലാകാരന്മാരുണ്ടെന്ന് ജനങ്ങളറിയണം.
കൂടെയുണ്ട് നൃത്തവും
കുട്ടിക്കാലത്ത് പാട്ടിനൊപ്പം ഡാൻസും ഒപ്പമുണ്ടായിരുന്നു. പിന്നീട് പാട്ട് മാത്രമായി. സത്യത്തിൽ ഡാൻസ് വേണ്ടാന്ന് വച്ചതല്ല. കുട്ടിക്കാലത്ത് പാട്ടിനൊപ്പം ഡാൻസും പഠിച്ചെന്നേയുള്ളൂ. അപ്പോഴും പാട്ടുതന്നെയായിരുന്നു എന്റെ പാഷൻ. പിന്നെ പാട്ടൊരു കരിയറായി മാറിയപ്പോൾ പിന്നെ എനിക്ക് ഡാൻസിന്റെ ഒരാവശ്യവും വന്നില്ല. എന്നാലും എനിക്കിപ്പോഴും ഡാൻസ് ഇഷ്ടമാണ്. ഡാൻസ് പഠിക്കുന്നില്ലെങ്കിലും എന്തെങ്കിലും ഫംഗ്ഷൻസിന് എല്ലാവരുമായി ഒത്തുകൂടുമ്പോഴും മറ്റും ഡാൻസ് ചെയ്യാനിഷ്ടമാണ്. അതുകൊണ്ട് ഡാൻസ് പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് പറയാം. സംഗീതം പോലെ പ്രിയപ്പെട്ടതാണ് വായനയും. യാത്രകളിൽ എപ്പോഴും ബുക്കുകൾ കൈയിൽ കരുതാറുണ്ട്. പിന്നെ ഞാനും ഭർത്താവും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. ഓരോ സ്ഥലങ്ങൾ കാണാനും അവിടത്തെ സംസ്കാരത്തെക്കുറിച്ച് അറിയാനുമൊക്കെ ഞങ്ങൾക്ക് ഇഷ്ടമാണ്. ആ നാടും അവിടത്തെ ഫുഡും ഒക്കെ ഓരോ അനുഭവങ്ങളായിരിക്കില്ലേ സമ്മാനിക്കുക. എല്ലാവർഷവും ഞങ്ങളിങ്ങനെ യാത്രകൾ പ്ലാൻ ചെയ്തു പോകാറുണ്ട്. സംഗീതം കഴിഞ്ഞാൽ എനിക്ക് ഏറ്റവുമിഷ്ടം യാത്രകൾ തന്നെയായിരിക്കും.
സംഗീതസംവിധാനം വിദൂരമല്ല
ഞാൻ ഇൻഡിപെൻഡന്റായി വർക്കുകൾ ചെയ്തപ്പോൾ ഞാനതിൽ സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. അങ്ങനെ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹവും. പക്ഷേ സിനിമാരംഗത്തെ സംഗീതസംവിധാനം ചെയ്യാനാഗ്രഹിക്കുന്നില്ല. സിനിമ എന്നത് വേറൊരു ലോകമാണ്. ഒരുപാട് ടെൻഷനും പ്രഷറുമൊക്കെയുള്ള ജോലിയാണ്. അതുകൊണ്ട് അതിലോട്ട് കടന്നുവരാൻ താത്പര്യമില്ല. നമ്മുടെ സ്വന്തം വർക്കാകുമ്പോൾ അതിന് കുറച്ചുകൂടി ഫ്രീഡം ഉള്ളതായി ഞാൻ കരുതുന്നു.
ഇടവേളകളുണ്ടായിട്ടുണ്ട്
ഞാൻ പാടുന്നുണ്ടോ എന്ന് ചോദിച്ചാൽ പാടുന്നുണ്ട്. ഹിറ്റാകുന്ന ഒരു ഗാനത്തിന്റെ പിന്നിൽ ഒരുപാട് ഘടകങ്ങളുണ്ട്. അതുകൊണ്ടാകാം പലരും ജ്യോത്സന ഇപ്പോൾ പാടുന്നില്ലേ എന്നൊക്കെ ചോദിക്കുന്നത്. ഒരുപക്ഷേ എന്റേതായിട്ടുള്ള ഹിറ്റുകൾ വന്നിട്ട് കുറച്ചുകാലമായിരിക്കാം. എങ്കിലും ഞാൻ സിനിമയിൽ പാടുന്നുണ്ട്. ഇൻഡിപെൻഡന്റായി വർക്കുകൾ ചെയ്യുന്നുമുണ്ട്, വല്ലപ്പോഴും സ്റ്റേജ് ഷോകളും ചെയ്യുന്നുണ്ട്. എന്റേതായ രീതിയിൽ ഞാനിപ്പോഴും തിരക്കിലാണ്. അവസരങ്ങൾ കുറഞ്ഞതായി തോന്നുന്നില്ല. ഒരുപക്ഷേ ഹിറ്റ് പാട്ടുകൾ കുറഞ്ഞതാവാം കാരണം.
നിലപാടുകളുണ്ട്
നമ്മൾ ഒരു ഫീൽഡിൽ വർക്ക് ചെയ്യുമ്പോൾ പലതരത്തിലുള്ള ആളുകളുണ്ടാകും. ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുകളാണ്, എനിക്ക് എന്റേതായ ശരിതെറ്റുകളുണ്ട്. അങ്ങനെയുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. അവ പിന്നീട് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കും. എന്നിട്ടും പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ അത് അങ്ങനെതന്നെ പോട്ടെ എന്ന് വയ്ക്കും. അതിന്റെ പേരിൽ അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് അതുകൊണ്ട് യാതൊരു സങ്കടവും ഇല്ല. കുറ്റബോധവും വിഷമവും ഉണ്ടായിട്ടില്ല. എനിക്ക് വിധിച്ചത് എനിക്കുതന്നെ ലഭിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
തിരക്കിലും കൈവിടാതെ
കുടുംബമാണ് കരുത്ത്. ആ പിന്തുണ ഇല്ലെങ്കിൽ ഒരിക്കലും ഇന്നത്തെ ജ്യോത്സന ഉണ്ടാകുമായിരുന്നില്ല. ചെറുപ്പത്തിൽ മാതാപിതാക്കൾ വളരെയധികം സപ്പോർട്ട് നൽകി. അവർ ഒന്നിനുമെന്നെ സമ്മർദ്ദപ്പെടുത്തിയിരുന്നില്ല. എനിക്ക് പാടാനുള്ള കഴിവുണ്ടെന്നറിഞ്ഞപ്പോൾ അവരെന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഞാൻ ഏതു മേഖല തിരഞ്ഞെടുക്കണമെന്നുള്ള അവസാനതീരുമാനം എന്റേതു തന്നെയായിരുന്നു. വിവാഹശേഷം ഭർത്താവിൽ നിന്ന് വളരെയധികം പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹം നല്ലൊരു സംഗീതാസ്വാദകനാണ്. അതുകൊണ്ട് കൂടിയാണ് എന്റെ സംഗീതം ഇപ്പോഴും കൂടെയുള്ളത്. മോന് മൂന്നരവയസായി. എന്റെ പ്രോഗ്രാമും റെക്കോർഡിംഗും കഴിഞ്ഞ് തിരിച്ചെത്തിയാൽ മകന്റെ കാര്യങ്ങളുമായി ബിസിയാണ്. ദൈവം സഹായിച്ച് കുടുംബവും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ഞാനെന്റെ വീട്ടുകാര്യങ്ങൾ നോക്കി ബാക്കിയുള്ള സമയത്താണ് എന്റെ കരിയർ നോക്കുന്നത്. രണ്ടും ഒരേ രീതിയിൽ കൊണ്ടുപോകണമല്ലോ. കുടുംബത്തിൽ നിന്നുള്ള പിന്തുണയുള്ളതു കൊണ്ടാണ് നല്ല രീതിയിൽ രണ്ടും മുന്നോട്ട് പോകുന്നത്.
ഗായിക അല്ലായിരുന്നുവെങ്കിൽ
സംഗീതമല്ലെങ്കിൽ ഞാൻ തീർച്ചയായും ടീച്ചിംഗിലോട്ടു പോയേനെ. എനിക്ക് വളരെയധികം ഇഷ്ടമുള്ളൊരു മേഖലയാണ് ടീച്ചിംഗ്. എന്റെ ഫാമിലിയിൽ ഒരുപാട് അദ്ധ്യാപകരുണ്ട്. പക്ഷേ ദൈവം എന്റെ തലയിൽ ഞാൻ ആഗ്രഹിച്ചതിലും വലുതായിരുന്നു എഴുതിച്ചേർത്തിരുന്നത്. പക്ഷേ ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. അതിനേക്കാളും നല്ലൊരു നിലയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ തീരുമാനങ്ങളിൽ ആത്മവിശ്വാസവുമുണ്ട്.
സ്വപ്നങ്ങൾ കുന്നോളമുണ്ട്
സിനിമയുടെ കാര്യത്തിൽ നമുക്ക് ഒന്നും പറയാൻ കഴിയില്ല. അടുത്ത പ്രോജക്ട് ജയറമേട്ടന്റെ ഗ്രാന്റ് ഫാദർ എന്ന സിനിമയാണ്. അതു മാത്രം പറയാം. നാളെ ഞാൻ സിനിമയിലുണ്ടാകുമോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റില്ല. ഒരു പക്ഷേ ഇനിയൊരു ഹിറ്റ് വരുന്നത് ഒരുപത്ത് വർഷത്തിന് ശേഷമായിരിക്കും. എന്നാലും വിഷമമില്ല. കുറച്ച് വർക്കുകൾ ചെയ്യണമെന്നുണ്ട്. സമയമെടുത്ത് അത്തരം വർക്കുകൾ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണ്. ഇതൊക്കെയാണ് ഇനിയുള്ള കാലത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ.