മോനെ കഴിച്ചോ വയർനിറച്ചു കഴിച്ചോ... വീട്ടിലെ ഊണെന്ന ബോർഡൊന്നും ഈ കൊച്ചു ഹോട്ടലിനില്ല, പക്ഷേ വീട്ടിലുള്ളതുപോലെ ഒരു അമ്മയാണ് ഇവിടെ എല്ലാമെല്ലാം. നാട്ടിൻപുറം നൻമകളാൽ സമൃദ്ധമെന്ന് പാടിയ കവിക്ക് ഒട്ടും തെറ്റിയിട്ടില്ലെന്ന് ഈ നാട്ടിൽ വരുന്ന ആരും സമ്മതിക്കും. വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായ പാലക്കാട്ടെ മീൻവല്ലത്തെത്തിയാൽ ഇനി ഒരിടത്തു കൂടി പോകണം. പാർവ്വതിയമ്മ എന്ന മുത്തശിയുടെ സ്വന്തം നാടൻ ഹോട്ടലിൽ. ഇവിടെ എത്തിയാൽ നാടൻ പാചകത്തിന്റെ രുചി ആവോളം ആസ്വദിക്കാൻ കഴിയും. വിറകടുപ്പിൽ തയ്യാർ ചെയ്‌തെടുക്കുന്ന നാടൻ ഊണും മീൻ പൊരിച്ചതുമാണ് പാർവതിയമ്മയുടെ ഹോട്ടലിലെ സ്‌പെഷ്യൽ വിഭവങ്ങൾ. കേവലം അൻപത് രൂപമാത്രമാണ് ഊണിനും, മീൻ പൊരിച്ചതിനുമായി ഇവിടെ ഈടാക്കുന്നത്. 1969 പ്രവർത്തനമാരംഭിച്ച ഈകൊച്ചു ഹോട്ടലിലെ വിശേഷങ്ങൾ പുറംലോകത്തിന് പരിചയപ്പെടുത്തുന്നത് ഫുഡ് ആൻഡ് ട്രാവൽ എന്ന യൂട്യൂബ് ചാനലിലൂടെ എബിൻ ജോസ് എന്ന ബ്‌ളോഗറാണ്.