kpa-majeed

കോഴിക്കോട്: തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ സർവകലാശാല ചട്ടങ്ങൾ മറികടന്ന് ഇടപെടൽ നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.

തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടാൻ ജലീൽ തയ്യാറാവണം. കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിക്ക് ലഭിച്ച 29 മാർക്കാണ് മന്ത്രിയുടെ നിരന്തര ഇടപെടൽ മൂലം 48 മാർക്കായി വർദ്ധിച്ചത്. ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് മന്ത്രി വഞ്ചിച്ചത്. പുനർ മൂല്യനിർണയത്തിലും ജയിപ്പിക്കാനാവാത്ത വിദ്യാർത്ഥിയെയാണ് മന്ത്രി പ്രത്യേക താത്പര്യമെടുത്ത് ജയിപ്പിച്ചത്. ഇതുസംബന്ധിച്ച പരാതിയിൽ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മജീദ് പറഞ്ഞു.
സ്വന്തം ബന്ധുക്കൾക്കു വേണ്ടി ചട്ടങ്ങൾ ലംഘിച്ച് നിയമനങ്ങൾ നടത്തിയപ്പോൾ ജനവികാരം കണക്കിലെടുക്കാതെ മുഖ്യമന്ത്രിയും ഇടതു സർക്കാരും നൽകിയ പിന്തുണയാണ് കെ.ടി. ജലീലിന് പ്രോത്സാഹനമായത്. മന്ത്രിക്കെതിരെ നിരന്തരമായി ആരോപണങ്ങൾ ഉയരുകയാണ്. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ഈ അധികാര ദുർവിനിയോഗം. - അദ്ദേഹം പറഞ്ഞു.