naidu-

ഹൈദരാബാദ്: ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന സ്വകാര്യ വസതി ഏഴു ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സർക്കാർ വീണ്ടും നോട്ടീസ് നൽകി. ചന്ദ്രബാബു നായിഡു നിലവിൽ താമസിക്കുന്ന അമരാവതിയിലെ കൃഷ്ണനദിക്കരയിലെ വസതിക്ക് മുന്നിലാണ് കെട്ടിടം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് കാപിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് അതോറിട്ടി (എ.പി.സി.ആർ.ഡി.എ) വീണ്ടും നോട്ടീസ് പതിപ്പിച്ചത്.

എയർ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനി രമേശിൽനിന്നും ലീസിനെടുത്ത വസതിയിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും നിലവിൽ താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് നേരത്തേയും നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആ നോട്ടീസിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് വീണ്ടും നോട്ടീസ് അയച്ചത്. ഏഴുദിവസത്തിനകം ഉടമ സ്വമേധയാ പൊളിച്ചുനീക്കിയില്ലെങ്കിൽ അതോറിട്ടി നേരിട്ട് കെട്ടിടം പൊളിക്കുമെന്നും നോട്ടീസിൽ പറയുന്നു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം അടുത്തിടെ പൊളിച്ചുനീക്കിയിരുന്നു. ചന്ദ്രബാബുവിന്റെ വസതിയോട് ചേർന്ന് പണിത പ്രജാവേദികയുടെ നിർമാണം അനധികൃതമാണെന്നും നിർമാണത്തിൽ അഴിമതിയുണ്ടെന്നും കണ്ടെത്തിയതിനെത്തുടർന്നായിരുന്നു സർക്കാർ നടപടി.