modi-trump-

 യു.എൻ പൊതുസമ്മേളനത്തിന് നാളെ തുടക്കം

 ട്രംപ് - ഇമ്രാൻ കൂടിക്കാഴ്ച നാളെ

 ചൊവ്വാഴ്ച ട്രംപ്- മോദി കൂടിക്കാഴ്ച

വാഷിംഗ്ടൺ: നയതന്ത്ര, വാണിജ്യ മേഖലകളിൽ പുതിയ ചുവടുവയ്പുകൾ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. ഹൂസ്റ്റണിൽ ഇന്ന് ഹൗഡി മോദി പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മോദിക്കൊപ്പം വേദി പങ്കിടും.

നാളെ ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ 27ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഹൗഡി മോദി പരിപാടിയിൽ ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ - അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണ്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് വെള്ളിയാഴ്‌ച അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് മോദി പറഞ്ഞത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത്. 50,000ത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ ട്രംപ് എത്തുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

ഇന്നലെ ഹൂസ്റ്റണിൽ പ്രമുഖ ഊർജകമ്പനികളുടെ സി.ഇ.ഒമാരുമായി മോദി കൂടിക്കാഴ്ച നടത്തി. നാളെ യു. എൻ കാലാവസ്ഥാ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ട്രംപ് നാളെ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ട്രംപ് - മോദി ഔദ്യോഗിക കൂടിക്കാഴ്ച.

 യു.എൻ സമ്മേളനം ഇന്ത്യയ്ക്ക് പ്രധാനം

കാശ്‌മീർ വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിന് പിന്നാലെ നടക്കുന്ന ആദ്യ യു.എൻ പൊതുസമ്മേളനം ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഒരുപോലെ പ്രധാനമാണ്. കാശ്‌മീർ പ്രശ്നം അന്താരാഷ്ട്ര വിവാദമാക്കാനുള്ള പാകിസ്ഥാന്റെ എല്ലാ ശ്രമങ്ങളും പാളിയിരുന്നു. യു.എൻ രക്ഷാസമിതിയിലും പാകിസ്ഥാൻ വിഷയമുന്നയിച്ചിരുന്നെങ്കിലും അവിടെയും കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന ഇന്ത്യൻ നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷ രാഷ്ട്രങ്ങളും. അതേസമയം, കാശ്‌മീർ വിഷയം പൊതുസഭയിൽ ഇന്ത്യ ഉന്നയിക്കില്ല എന്നാണ് റിപ്പോർട്ട്.

 മാരത്തൺ കൂടിക്കാഴ്ച

വിവിധ രാജ്യത്തലവൻമാരുമായി മോദി ചർച്ച നടത്തും. പസിഫിക് ദ്വീപ രാജ്യങ്ങളുമായും കരീബിയൻ രാഷ്ട്രത്തലവൻമാരുമായും കോമൺ മാർക്കറ്റ് (കാരികോം) ഗ്രൂപ്പുമായും ഇന്ത്യ ചർച്ച നടത്തും. യു. എൻ സമ്മേളനത്തിൽ ഇന്ത്യ നേതൃതലത്തിലുള്ള ചർച്ചകൾ ആദ്യമാണ്. അമേരിക്കൻ ബിസിനസ് തലവൻമാർ പങ്കെടുക്കുന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും മോദി പങ്കെടുക്കും. ആരോഗ്യ ഉച്ചകോടിയിൽ ആയുഷ്‌മാൻ അടക്കമുള്ള പദ്ധതികൾ അവതരിപ്പിക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടിയും യു.എന്നിൽ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.