കൊല്ലം: വാഹന പരിശോധനയ്‌ക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പ് കൈകാട്ടിയപ്പോൾ നിറുത്താതെ പോയ സ്‌കൂട്ടർ യാത്രക്കാരന് ഉദ്യോഗസ്ഥർ നൽകിയത് മുട്ടൻ പണി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത മോട്ടോർ വാഹന വകുപ്പ് 3000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ദിവസം കായംകുളത്താണ് കൈകാട്ടിയിട്ടും നിറുത്താതെ സ്‌കൂട്ടർ യാത്രക്കാരൻ മുങ്ങിയത്. മോട്ടോർ വാഹന വകുപ്പിന്റെ സ്‌മാർട്ട് ട്രേസർ ഉപയോഗിച്ച് വാഹനം കണ്ടെത്തി പരിയാരം സ്വദേശി അജയിനെ പിടികൂടുകയും ചെയ്‌തു.
പിടികൂടുമ്പോൾ അജയ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഹെൽമറ്റ് ഇല്ലാത്തതിന് 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും എന്നോർത്താണ് ഇയാൾ വാഹനം നിരുത്താതെ പോയത്. നിയമ ലംഘനത്തിന് 3000 രൂപ പിഴ അടയ്‌ക്കേണ്ടി വന്നതിനുപുറമേ ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ ഏഴു ദിവസം താലൂക്ക് ആശുപത്രിയിൽ സന്നദ്ധ സേവനം നടത്താനും നിർദേശിച്ചു. ഇതിന് പുറമെ വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച 2 ബൈക്ക് യാത്രികരെയും ഒരു കാർ യാത്രികനെയും പിടികൂടി ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. നഗരസഭ ജംക്ഷനിൽ സിഗ്‌നൽ ലംഘിച്ച കാർ ഡ്രൈവറെ പിടികൂടി 5000 രൂപ പിഴ ഈടാക്കി. ഈ കേസിലും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ നൽകി. ഇരുചക്ര വാഹനത്തിൽ 3 പേർ കയറി ഓടിച്ചവരും പിടിയിലായി.
അതേസമയം, നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സംസ്ഥാന സർക്കാർ തത്കാലം നടപ്പാക്കില്ല. പിഴ തുക വെട്ടിക്കുറച്ച ശേഷം നിയമം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എന്നാൽ എത്ര രൂപ വീതം കുറയ്‌ക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.