കൊച്ചി:കോർപ്പറേറ്റ് നികുതി കുറച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ വ്യക്തിഗത ആദായ നികുതിയും കുറച്ചേക്കുമെന്ന് സൂചന. ജി.ഡി.പി തളർച്ചയ്‌ക്കും സാമ്പത്തിക മാന്ദ്യത്തിനും മുഖ്യ കാരണമായി സൂചിപ്പിക്കുന്നത് ഉപഭോക്തൃ ഡിമാൻഡ് കുറഞ്ഞതാണ്. വിപണിയുടെ ഉണർവിന് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിക്കണം. ആദായ നികുതി കുറച്ച് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ.
കേന്ദ്രത്തിന്റെ ഇടക്കാല ബഡ്‌ജറ്റിൽ, അഞ്ചുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ 100 ശതമാനം റിബേറ്റ് അനുവദിച്ച് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അഞ്ചു ലക്ഷം മുതൽ10 ലക്ഷം വരെ 20 ശതമാനവും പത്തുലക്ഷത്തിനു മേൽ 30 ശതമാനവുമാണ് നികുതി. പുറമേ നാല് ശതമാനം സെസുമുണ്ട്.
വരുമോ പുതിയ സ്ളാബുകൾ?
നേരിട്ടുള്ള നികുതി ഇളവിന് പകരം ആദായ നികുതി സ്ളാബുകൾ മാറ്റാനുള്ള ശുപാർശ ബന്ധപ്പെട്ട ടാസ്‌ക് ഫോഴ്‌സ് ധനമന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ 5%, 10%, 20% എന്നീ സ്ളാബുകളാണുള്ളത്. അതിനുപകരം 5%, 10%, 20%, 30%, 35% എന്നിങ്ങനെ അഞ്ചു സ്ളാബുകൾ വേണമെന്നാണ് ശുപാർശ.
ഇത് ഇടത്തരം വരുമാനക്കാർക്ക് ഗുണകരമാകും.
ശുപാർശകൾ
5 % സ്ളാബിലുള്ളവർ റിബേറ്റ് മുഖേന നികുതിയിൽ നിന്ന് ഒഴിവാകും.
5 മുതൽ 10 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി 20ൽ നിന്ന് 10 ശതമാനമാകും.
10 മുതൽ 20 ലക്ഷം രൂപ വരെ 20 ശതമാനം നികുതി
20 ലക്ഷം മുതൽ രണ്ടുകോടി വരെ 30 ശതമാനം നികുതി
രണ്ടു കോടിക്കു മേൽ 35 ശതമാനം നികുതി
സെക്‌ഷൻ 80 സി
പി.പി.എഫ്., ഇ.പി.എഫ് തുടങ്ങി നികുതിയിളവുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ ശമ്പള വരുമാനക്കാർക്ക് ആദായ നികുതിയിൽ ഒന്നരലക്ഷം രൂപവരെ ലാഭിക്കാൻ അവസരമേകുന്ന വകുപ്പാണ് സെക്‌ഷൻ 80 സി. 2014-15 മുതൽ ഇത് പരിഷ്‌കരിച്ചിട്ടില്ല. ഇതുപ്രകാരമുള്ള ഇളവിന്റെ പരിധി രണ്ടുലക്ഷം രൂപയായി ഉയർത്തിയേക്കും.