തിരുവനന്തപുരം: കിരീടം പാലത്തിന് സമീപത്തെ കായലോരത്ത് നാട്ടുപക്ഷികൾക്കും ദേശാടന പക്ഷികൾക്കും സ്വൈര്യവിഹാരം നടത്താനായി കൊറ്റില്ലം പുനർനിർമിക്കാൻ തീരുമാനമായി. കല്ലിയൂർ പഞ്ചായത്തിന്റെ ജൈവവൈവിധ്യ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഇതോടൊപ്പം വെള്ളായണി കായൽ തീരത്ത് പ്രാദേശിക ഫലവൃക്ഷങ്ങൾ നട്ടുവളർത്താനും തീരുമാനമുണ്ട്. കന്നുകാലി ചാലിന്റെ വശങ്ങൾ ബലപ്പെടുത്തുന്നതിനായി മുളയും കൈതയും ഈറയും ഇരുവശങ്ങളിലും നട്ടുപിടിപ്പിക്കും. കായലിലേക്ക് വെള്ളം എത്തിക്കുന്ന തോടുകൾ, അരുവികൾ, തലക്കുളങ്ങൾ എന്നിവയുടെ പുനരുദ്ധാരണത്തിനും തീരുമാനിച്ചു. ആറാട്ടുകടവ് തോട്, ശാസ്താംകോവിൽ തോട്, ഇറയംകോട് തോട് എന്നിവ വൃത്തിയാക്കി സംരക്ഷിക്കും. വാണിജ്യമൂല്യമുള്ള ജൈവവൈവിധ്യശേഖരത്തെ സംബന്ധിച്ച് രജിസ്റ്റർ തയ്യാറാക്കും. കാർഷിക ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാദേശിക ജനിതകശേഖരത്തിന്റെ നിലനില്പിനുമായി കർഷകരെ ഉൾപ്പെടുത്തി വിത്തുത്സവം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് ബിജു .എം,​ പഞ്ചായത്ത് മെമ്പർ കെ.കെ. ചന്തുകൃഷ്ണ, ചെയർപേഴ്സൺ ശൈലജ .എസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അഖില എസ്. നായർ, പ്രോജക്ട് ഫെലോ ശാലിനി .ആർ.എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.