sivaprasad-

ഹൈദരാബാദ്: ടി.ഡി.പിയുടെ മുതിർന്ന നേതാവും മുൻ എം.പിയുമായ എൻ. ശിവപ്രസാദ് (68) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ അപ്പോളോയിൽ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

ആന്ധ്രയിലെ സംവരണ ലോക്സഭാ മണ്ഡലമായ ചിറ്റൂരിൽ നിന്ന് രണ്ട് തവണ(2009,2014) പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ൽ പരാജയപ്പെട്ടു. ചന്ദ്രബാബു നായിഡു സർക്കാരിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രിയായിരുന്നു. പാർലമെന്റിൽ ആക്യ ആന്ധ്രാമൂവ്മെന്റിനുവേണ്ടി നിന്ന് ശ്രദ്ധേയനായി. പാർലമെന്റിൽ വ്യത്യസ്ത വേഷങ്ങൾ ധരിച്ചെത്തുന്നതിലൂടെ പേരുകേട്ട ശിവപ്രസാദ്, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ആന്ധ്രപ്രദേശ് സർക്കാരിൽനിന്ന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള നൻഡി പുരസ്കാരം നേടിയിട്ടുണ്ട്. ഡോക്ടറായി ജോലിനോക്കുന്നതിനിടെ 1990ലാണ് ജോലിയുപേക്ഷിച്ച് ടിഡിപിയിൽ ചേർന്നത്.