haryana-

ചണ്ഡിഗഡ്:അധികാരം നിലനിർത്താൻ ബി.ജെ.പിയും ''കൈ"വിട്ടുപോയത് തിരികെപ്പിടിക്കാൻ കോൺഗ്രസും കച്ചകെട്ടിയിറങ്ങുന്ന സംസ്ഥാനമാണ് ഹരിയാന. സാഹചര്യങ്ങൾ ബി.ജെ.പിക്കാണ് കൂടുതൽ അനുകൂലം. കോൺഗ്രസിന്റെ നിയമസഭാ കക്ഷിനേതാവ് ഭൂപീന്ദർ ഹൂഡയ്‌ക്കിത് നിർണായക പോരാട്ടമാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രചാരണങ്ങളിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബി.ജെ.പി ബഹുദൂരം മുന്നിലാണ്. കോൺഗ്രസ് ഒട്ടും ആത്മവിശ്വാസത്തോടെയാകില്ല ഈ തിരഞ്ഞെടുപ്പിനെ നേരിടുക.

90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് 2014–ൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്. ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്ത് സീറ്റും ബി.ജെ.പിയാണ് നേടിയത്.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇതിനകം തന്നെ സംസ്ഥാനമൊട്ടാകെ പര്യടനം പൂർത്തിയാക്കി. 3,000 കിലോമീറ്ററുകൾ താണ്ടിയ ജൻ ആശിർവാദ് യാത്രയുടെ സമാപനത്തിൽ പ്രധാനമന്ത്രി മോദി തന്നെ എത്തി. അതുൾപ്പെടെ മോദി മൂന്ന് റാലികളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരും പരിപാടികളിൽ പങ്കെടുത്തു.

എതിർപക്ഷത്ത് കോൺഗ്രസിന്റെ നേതാവ് ആരെന്നതിൽ പോലും ചിന്താക്കുഴപ്പമാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഉൾപ്പെടുത്തി ഒരു പൊതുപരിപാടി നടത്താൻ പോലും കഴിഞ്ഞിട്ടില്ല. ഭൂപീന്ദർ സിംഗ് ഹൂഡ, കുമാരി ഷെൽജ, കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവർക്കു കീഴിൽ മൂന്ന് ക്യാമ്പുകളിലാണത്രേ സംസ്ഥാന കോൺഗ്രസ്. ഷെൽജയെ പി. സി. സി അദ്ധ്യക്ഷയാക്കിയിട്ടും പാർട്ടിക്ക് കെട്ടുറപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

 2014 നിയമസഭാ തിരഞ്ഞെടുപ്പ്

ആകെസീറ്റ്: 90

ഭൂരിപക്ഷത്തിനാവശ്യം: 46

ബി.ജെ.പി: 47

കോൺഗ്രസ്: 15

ഐ.എൻ.എൽ.ഡി (ഇന്ത്യൻ നാഷനൽ ലോക്ദൾ): 19

മറ്റു കക്ഷികൾ: 9

ബി.ജെ.പിക്ക് അനുകൂലഘടകങ്ങൾ:

1. കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ

2. പ്രചാരണത്തിലെ വേഗത

3. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 സീറ്റുകളിലും ജയം (79 നിയമസഭാ സീറ്റുകളിൽ ബി.ജെ.പി മുന്നിൽ)

 കോൺഗ്രസിന്റെ അനുകൂലഘടകങ്ങൾ:

1. മുതിർന്ന നേതാവായ ഭൂപീന്ദർ ഹൂഡയുടെ നേതൃത്വം

2. പത്തുവർഷം സംസ്ഥാനം ഭരിച്ചതിന്റെ പരിചയം

3. ഐ.എൻ.എൽ.ഡിയുടെ കരുത്തൻ അശോക് അറോറ കോൺഗ്രസിൽ

 19,442 ബൂത്തുകൾ,

 ആകെ വോട്ടർമാർ: 1.82 കോടി

 സ്ത്രീകൾ: 84 ലക്ഷം

 ട്രാൻസ്ജെൻഡറുകൾ: 239

 ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി: മനോഹർലാൽ ഖട്ടർ

 കോൺഗ്രസിലെ സാദ്ധ്യത പട്ടികയിൽ: പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ കുമാരി ഷെൽജ